മീറ്റര്‍ റീഡിങ്ങിനായി എത്തും; പിന്നാലെ സ്ത്രീകളെ തലയ്ക്കടിച്ചുകൊല്ലും; മൃതശരീരവുമായി ലൈംഗികബന്ധം; അറസ്റ്റ്, പൈശാചികം 

കൈയ്യില്‍ കരുതിയ സൈക്കിള്‍ ചെയിനും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി മരിച്ചെന്നുറപ്പാക്കിയ ശേഷം ബലാത്സംഗം ചെയ്യും
മീറ്റര്‍ റീഡിങ്ങിനായി എത്തും; പിന്നാലെ സ്ത്രീകളെ തലയ്ക്കടിച്ചുകൊല്ലും; മൃതശരീരവുമായി ലൈംഗികബന്ധം; അറസ്റ്റ്, പൈശാചികം 

കൊല്‍ക്കത്ത: സിനിമാക്കഥയെ വെല്ലുന്ന കൊടുക്രൂരത നടത്തിയ നാല്‍പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. സ്ത്രീകളെ തലയ്ക്കടിച്ച് കൊല്ലുക, മരിച്ചെന്ന് ഉറപ്പായ ശേഷം മൃതശരീരങ്ങളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുക. ഇതായിരുന്നു ഇയാളുടെ പതിവ് രീതി.  കമറുദ്ദീന്‍ സര്‍ക്കാര്‍ എന്ന കുറ്റവാളിയെ പോലീസ് അറസ്റ്റ് ചെയ്തു. 

ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചാണ് ഇയാള്‍ യുവതികളെ തലയ്ക്കടിച്ച് വീഴ്ത്തിയിരുന്നത്. ഇത്തരത്തില്‍ അഞ്ച് സ്ത്രീകളെ ഇയാള്‍ മൃഗീയമായി കൊന്നു. നിരവധി പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു.

42 കാരനായ കമറുദ്ദീന്‍ സര്‍ക്കാര്‍ നല്ല രീതിയില്‍ വേഷം ധരിച്ചാണ് കൊല്ലാന്‍ ഉദ്ദേശിക്കുന്ന യുവതികളുടെ വീടുകളിലെത്തുക.  ഉച്ചയ്ക്കു ശേഷം മാത്രമാണ് ഇയാള്‍ ഇതിനായി ഇറങ്ങുക. വീട്ടിലെ വൈദ്യുത മീറ്റര്‍ പരിശോധിക്കണമെന്ന് സ്ത്രീകളോട് പറയും. മീറ്റര്‍ റീഡിങ്ങിനെത്തിയ ആളാണെന്നു കരുതി സ്ത്രീകള്‍ അതിന് അനുവദിക്കുകയും ചെയ്യും. സാഹചര്യം വിലയിരുത്തിയ ശേഷം കൈയ്യില്‍ കരുതിയ സൈക്കിള്‍ ചെയിനും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് സ്ത്രീകളെ തലയ്ക്കടിച്ച് വീഴ്ത്തി മരിച്ചെന്നുറപ്പാക്കിയ ശേഷം ബലാത്സംഗം ചെയ്യും. കൊലപ്പെടുത്തിയ സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളില്‍ കൂര്‍ത്ത വസ്തുക്കള്‍ തറയ്ക്കുന്നതും ഇയാളുടെ പതിവാണ്.

സര്‍ക്കാറിന്റെ ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെട്ട സ്ത്രീകള്‍ നല്‍കിയ സൂചനകളാണ് പ്രതിയിലേക്കെത്താന്‍ പോലീസിനു സഹായകമായത്. കൊലപ്പെടുത്തിയ സ്ത്രീകളില്‍ നിന്നോ അവരുടെ വീടുകളില്‍ നിന്നോ ഒന്നും മോഷ്ടിച്ചിട്ടില്ല എന്നതും ഇയാളുടെ ലക്ഷ്യം സ്ത്രീകള്‍ മാത്രമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചു. 

മെയ് 21 ന് കൊല്ലപ്പെട്ട പുതുല്‍ മാജ്ഹി എന്ന യുവതിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് സര്‍ക്കാര്‍ അറസ്റ്റിലാകുന്നത്. ചുവന്ന ഹെല്‍മെറ്റ് ധരിച്ച് മോട്ടോര്‍ സൈക്കിളില്‍ പോകുകയായിരുന്ന ഇയാളെ മഫ്തിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ സംശയം തോന്നി പിടികൂടുകയായിരുന്നു.  പുതുല്‍ മജ്ഹിയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളും ഹെല്‍മെറ്റ് ധരിച്ചാണ് എത്തിയതെന്ന് സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിരുന്നു. വിവാഹിതനായ സര്‍ക്കാറിന് ഭാര്യയും രണ്ട് മക്കളും ഉണ്ട്. റിമാന്‍ഡ് ചെയ്ത സര്‍ക്കാരിനെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com