നഴ്‌സുമാര്‍ക്കും ഇനി ഡോക്ടറാവാം, ലാറ്ററല്‍ എന്‍ട്രി പരിഷ്‌കാരം; എക്‌സിറ്റ് എക്‌സാം ഈ വര്‍ഷം, മെഡിക്കല്‍ വിദ്യാഭ്യാസം അടിമുടി മാറിയേക്കും

നഴ്‌സുമാര്‍ക്കും ഇനി ഡോക്ടറാവാം, ലാറ്ററല്‍ എന്‍ട്രി പരിഷ്‌കാരം; എക്‌സിറ്റ് എക്‌സാം ഈ വര്‍ഷം, മെഡിക്കല്‍ വിദ്യാഭ്യാസം അടിമുടി മാറിയേക്കും

മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അവസാന വര്‍ഷ പരീക്ഷ പൊതുവായി നടത്തണമെന്നും (എക്‌സിറ്റ് എക്‌സാം) ഇതിലെ സ്‌കോര്‍ കണക്കാക്കി പിജി പ്രവേശനം സാധ്യമാക്കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു

ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് അടിമുടി മാറ്റത്തിന് നിര്‍ദ്ദേശിച്ച് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് പുറത്ത്. നഴ്‌സുമാര്‍ക്കും ഡന്റല്‍ ബിരുദധാരികള്‍ക്കും എംബിബിഎസിലേക്ക് ലാറ്ററല്‍ എന്‍ട്രി അനുവദിക്കാനാണ് കരട് നയത്തിലെ സുപ്രധാന നിര്‍ദ്ദേശം.

മെഡിക്കല്‍ വിദ്യാഭ്യാസം ആകെ അഞ്ച് വര്‍ഷമായി ചിട്ടപ്പെടുത്തണമെന്നും ഇതില്‍ ആദ്യ രണ്ട് വര്‍ഷങ്ങള്‍ എല്ലാ സയന്‍സ് ബിരുദധാരികള്‍ക്കും ഫൗണ്ടേഷന്‍ കോഴ്‌സായും ശേഷിക്കുന്ന മൂന്ന് വര്‍ഷം എംബിബിഎസിലേക്ക് തിരിയേണ്ടവര്‍ക്ക് അങ്ങനെയും നഴ്‌സിങ്, ഡന്റല്‍ വിഭാഗങ്ങളിലേക്ക് മാറേണ്ടവര്‍ക്ക് അങ്ങനെയും തിരിയാന്‍ അവസരം നല്‍കണമെന്നാണ് നയം പറയുന്നത്. നഴ്‌സിങ്- ഡന്റല്‍ വിഭാഗങ്ങളിലേക്ക് തിരിഞ്ഞവര്‍ക്ക് പിന്നീട് എംബിബിഎസിലേക്ക് ലാറ്ററല്‍ എന്‍ട്രിയും അനുവദിക്കാമെന്നും നയം വിശദമാക്കുന്നു. 

അതേസമയം ലാറ്ററല്‍ എന്‍ട്രി വഴി പ്രവേശനം ലഭിക്കണമെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷ പാസായിരിക്കണമെന്നാണ് കരട് നയം തയ്യാറാക്കിയ വിദഗ്ധര്‍ പറയുന്നത്. നീറ്റ് എഴുതി യോഗ്യത തെളിയിക്കുന്നവര്‍ക്ക് ശേഷിക്കുന്ന വര്‍ഷം എംബിബിഎസ് ക്ലാസുകളില്‍ പഠനം തുടരാന്‍ കഴിയുമെന്നതാണ് ലാറ്ററല്‍ എന്‍ട്രിയുടെ സൗകര്യം. 

മെഡിക്കല്‍ ബിരുദധാരികള്‍ക്ക് അവസാന വര്‍ഷ പരീക്ഷ പൊതുവായി നടത്തണമെന്നും (എക്‌സിറ്റ് എക്‌സാം) ഇതിലെ സ്‌കോര്‍ കണക്കാക്കി പിജി പ്രവേശനം സാധ്യമാക്കണമെന്നും കരട് നയത്തില്‍ വ്യക്തമാക്കുന്നു. അടിയന്തരമായി എക്‌സിറ്റ് എക്‌സാം നടത്താനുള്ള നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. നിലവില്‍ എംബിബിഎസ് ബിരുദധാരികള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്ന് പരീക്ഷകള്‍ ഒഴിവാക്കാന്‍ കഴിയുമെന്നതിനാല്‍ ഇത്തരമൊരാശയം കഴിഞ്ഞ വര്‍ഷം തന്നെ മെഡിക്കല്‍ കൗണ്‍സില്‍ മുന്നോട്ട് വച്ചിരുന്നു. 

മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൗണ്‍സിലുകളുടെ അധികാരം പരിമിതപ്പെടുത്തണമെന്നും കരട് നയം നിര്‍ദ്ദേശിക്കുന്നു. പ്രൊഫഷണല്‍ നിലവാരം ചിട്ടപ്പെടുത്തുന്നതിന് മാത്രം കൗണ്‍സിലുകളെ ആശ്രയിച്ചാല്‍ മതിയെന്നും കോളെജുകളില്‍ ഇന്‍സ്‌പെക്ഷന്‍ നടത്തുന്നതിനും അക്രഡിറ്റേഷന്‍ നല്‍കുന്നതിനുമായി വിദഗ്ധ സമിതികളെ നിയോഗിക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ നാക് (NAAC) അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കണം. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനുള്ള നടപടി സ്വീകരിക്കണം. ഇതിനായി വിദഗ്ധസമിതികളുടെ നിര്‍ദ്ദേശമനുസരിച്ച് കരിക്കുലം പരിഷ്‌കരിക്കണമെന്നും കരട് നയത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളില്‍ 50 ശതമാനം പേര്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കണമെന്നും ഇവരില്‍ 20 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യപഠനം നല്‍കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com