പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടി: നീറ്റ് പരീക്ഷയ്ക്ക് തോറ്റു, വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു.
പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടി: നീറ്റ് പരീക്ഷയ്ക്ക് തോറ്റു, വിദ്യാര്‍ത്ഥിനി തൂങ്ങിമരിച്ചു

തിരുപ്പൂര്‍: നീറ്റ് (നാഷനല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റ്) പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ ആണ് വീട്ടില്‍ തൂങ്ങിമരിച്ചത്. സാരി ഉപയോഗിച്ച് തൂങ്ങിമരിച്ച നിലയിലായിരുന്നു പെണ്‍കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

ഋതുശ്രീക്ക് പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ അഞ്ഞൂറില്‍ 490 മാര്‍ക്കുണ്ടായിരുന്നു. ഒരു മാര്‍ക്കിനാണ് ഋതുശ്രീക്ക് നീറ്റ് യോഗ്യത നഷ്ടമായത്. തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷയെഴുതിയതില്‍ ഇത്തവണ 48.57 ശതമാനം പേരാണ് വിജയിച്ചത്.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അനിത എന്ന വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന് നീറ്റ് പരീക്ഷയ്ക്ക് എതിരെ തമിഴ്‌നാട്ടില്‍ വലിയ പ്രതിഷേധം ഉണ്ടായിരുന്നു. അനിതയ്ക്കും പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കായിരുന്നു ലഭിച്ചിരുന്നത്. 

മെയ് അഞ്ച്, മെയ് 20 തീയതികളില്‍ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. മെയ് അഞ്ചിനാണ് പരീക്ഷ നടന്നതെങ്കിലും, ഫോനി ചുഴലിക്കാറ്റ് മൂലം ഒഡീഷയിലും ട്രെയിന്‍ വൈകിയതു മൂലം കര്‍ണാടകയിലും പരീക്ഷ എഴുതാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടിയാണ് മെയ് 20ന് വീണ്ടും പരീക്ഷ നടത്തിയത്. പരീക്ഷയുടെ ഉത്തരസൂചിക മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com