'ബിജെപിയെ തൂത്തെറിയുക ലക്ഷ്യം'; മമതയ്ക്കായി തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രശാന്ത് കിഷോര്‍

ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ അധികാരത്തിലെത്തിച്ച തന്ത്രങ്ങളൊരുക്കിയതിന് പിന്നാലെ പ്രശാന്ത് കിഷോര്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നു
'ബിജെപിയെ തൂത്തെറിയുക ലക്ഷ്യം'; മമതയ്ക്കായി തന്ത്രങ്ങള്‍ ഒരുക്കാന്‍ പ്രശാന്ത് കിഷോര്‍


ന്യൂഡല്‍ഹി: ആന്ധ്രയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയെ അധികാരത്തിലെത്തിച്ച തന്ത്രങ്ങളൊരുക്കിയതിന് പിന്നാലെ പ്രശാന്ത് കിഷോര്‍ ബംഗാളില്‍ മമതാ ബാനര്‍ജിക്കായി പ്രവര്‍ത്തിക്കാനൊരുങ്ങുന്നു.  അടുത്തമാസത്തോടെ പ്രശാന്ത് കിഷോര്‍ ഔദ്യോഗികമായി മമതയുടെ പ്രചാരണത്തിന്റെ ചുമതല ഏറ്റെടുത്തേക്കും. ഇരുവരും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായാണ്  റിപ്പോര്‍ട്ടുകള്‍.

2014 ല്‍ നരേന്ദ്ര മോദിയെയും ബിജെപിയെയും അധികാരത്തിലെത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ 'രാഷ്ട്രീയ തന്ത്രജ്ഞന്‍' എന്ന നിലയിലാണ് പ്രശാന്ത് കിഷോര്‍ പ്രചുരപ്രചാരം നേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പു വിജയത്തിനുശേഷം ബിജെപിയുടെ ബദ്ധശത്രുക്കള്‍ക്കൊപ്പം ബിഹാറിലും ഉത്തര്‍പ്രദേശിലും പ്രശാന്ത് കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു. 

ബീഹാറിലെ മഹാസഖ്യനീക്കത്തിലൂടെയാണ് നിതീഷ് കുമാറിനായി പ്രശാന്ത് കിഷോര്‍ തന്ത്രങ്ങള്‍ മെനഞ്ഞത്. പിന്നാലെ കിഷോര്‍ ജെഡിയു വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുയും ചെയ്തിരുന്നു. 2019ലെ തെരഞ്ഞടുപ്പില്‍ തെലങ്കാനയില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പ്രചാരണ ചുമതലയേറ്റെടുത്ത കിഷോറിന്റെ തന്ത്രങ്ങള്‍ എതിരാളികളില്ലാത്ത വിധം മഹാവിജയം സമ്മാനിച്ചിരുന്നു. 

തൃണമൂലിനും മമതയ്ക്കും ലോക്‌സഭാ തെരഞ്ഞടുപ്പിലേറ്റ അപ്രതീക്ഷിത തിരിച്ചടിയെ തുടര്‍ന്നാണ് കിഷോറിനെ പ്രചാരണരംഗത്തെത്തിച്ചെതെന്നാണ് സൂചന. ലോക്‌സഭാ തെരഞ്ഞടുപ്പില്‍ 21 സീറ്റുകളില്‍ മാത്രമാണ് തൃണമൂലിന് വിജയിക്കാനായത്. 18 സീറ്റുകള്‍ നേടി ചരിത്ര വിജയം നേടാന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതേസമയം മോദി മന്ത്രിസഭയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നിതീഷ് കുമാറിന്റെ ഇടപെടലാണ് മമതയുടെ പ്രചാരകനാവാന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com