അലിഗഡിലെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ; രണ്ടുപേര്‍ പിടിയില്‍

അലിഗഡിന് സമീപത്ത് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം
അലിഗഡിലെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ രാജ്യവ്യാപക പ്രതിഷേധം ; പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ; രണ്ടുപേര്‍ പിടിയില്‍

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശിലെ അലിഗഡില്‍ രണ്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ സമീപവാസികളായ ഷാഹിദ്, അസ്ലം എന്നിവരാണ് പിടിയിലായത്. മെയ് 30 നാണ് കുട്ടിയെ വീടിന് സമീപത്തുനിന്ന് കാണാതാകുന്നത്. കഴിഞ്ഞദിവസം ശരീരഭാഗങ്ങള്‍ തെരുവുനായകള്‍ കടിച്ചുവലിക്കുന്നത് കണ്ടതോടെയാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. സംഭവം വിവാദമായതോടെ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. 

കുട്ടിയുടെ മുത്തച്ഛനുമായുള്ള സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. അറസ്റ്റിലായ ഷാഹിദ് മുത്തച്ഛനില്‍ നിന്നും 50,000 രൂപ കടം വാങ്ങിയിരുന്നു. ഇതില്‍ 10,000 രൂപ ഇനിയും തിരികെ നല്‍കാനുണ്ട്. ഏതാനും ദിവസം മുമ്പ് ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.

ഇതിന്റെ പ്രതികാരമായാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതും കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ചിട്ടില്ലെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. എങ്കിലും പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമ നിരോധന നിയമമായ പോക്‌സോ ചുമത്തിയതായി പൊലീസ് അറിയിച്ചു. ദേശീയ സുരക്ഷാനിയമവും ചുമത്തിയിട്ടുണ്ട്. 

അലിഗഡിന് സമീപത്ത് മാലിന്യകൂമ്പാരത്തില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. കുട്ടിയുടെ കൈകാലുകള്‍ വേര്‍പെട്ട നിലയിലായിരുന്നു. ശരീരഭാഗങ്ങല്‍ തെരുവ് നായ കടിച്ചുവലിക്കുന്നത് കണ്ടതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ശരീരം ചീഞ്ഞളിഞ്ഞ് പുഴുവരിച്ച നിലയിലായിരുന്നു, എന്നാല്‍ കുട്ടിയുടെ കണ്ണുകള്‍ ചൂഴ്ന്നുവെന്ന വീട്ടുകാരുടെ ആരോപണം ശരിയല്ലെന്ന് പൊലീസ് പറഞ്ഞു. 

കുട്ടിയെ കാണാതായ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ആദ്യഘട്ടത്തില്‍ അന്വേഷണം വേണ്ട രീതിയില്‍ നടത്താത്തതിന് അഞ്ചുപൊലീസുകാരെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി. കുട്ടിയുടെ കൊലപാതകം പ്രാകൃതമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി അപലപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com