തുടക്കത്തിലെ കല്ലുകടി, 'രാജിഭീഷണിയുമായി' രാജ്‌നാഥ് സിങ്; ഒടുവില്‍ ആര്‍എസ്എസ് ഇടപെടല്‍, സുപ്രധാന മന്ത്രിസഭ സമിതികളില്‍ ഉള്‍പ്പെടുത്തി 

കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങ്ങിനെ രാഷ്ട്രീയ കാര്യസമിതി അടക്കം നാലുമന്ത്രിസഭ സമിതിയില്‍  കൂടി ഉള്‍പ്പെടുത്തി
തുടക്കത്തിലെ കല്ലുകടി, 'രാജിഭീഷണിയുമായി' രാജ്‌നാഥ് സിങ്; ഒടുവില്‍ ആര്‍എസ്എസ് ഇടപെടല്‍, സുപ്രധാന മന്ത്രിസഭ സമിതികളില്‍ ഉള്‍പ്പെടുത്തി 

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധ മന്ത്രിയും ബിജെപിയിലെ മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിങ്ങിനെ രാഷ്ട്രീയ കാര്യസമിതി അടക്കം നാലുമന്ത്രിസഭ സമിതിയില്‍  കൂടി ഉള്‍പ്പെടുത്തി. തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് സുപ്രധാന മന്ത്രിസഭ സമിതികളില്‍ രാജ്‌നാഥ് സിങ്ങിനെ കൂടി ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജനാഥ് സിങ്ങിന്റെ പ്രതിഷേധത്തില്‍ ആഎസ്എസും ഇടപെട്ടതായും സൂചനയുണ്ട്.

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മന്ത്രിസഭ സമിതികൾ പുനഃസംഘടിപ്പിച്ചു കൊണ്ടുളള തീരുമാനത്തിനെതിരെ രാജ്നാഥ് സിങ് രം​ഗത്തുവരുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പുതിയതായി രൂപീകരിച്ചത് ഉൾപ്പെടെ എട്ടുമന്ത്രിസഭ സമിതികളില്‍ രണ്ടിടത്ത് മാത്രമാണ് രാജ്‌നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നത്.രാഷ്ട്രീയ കാര്യം, പാര്‍ലമെന്ററി കാര്യം എന്നി സുപ്രധാന സമിതികളില്‍ പോലും രാജ്‌നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്നെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിങ് രാജിഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് രാഷ്ട്രീയകാര്യം, പാര്‍ലമെന്ററി കാര്യം തുടങ്ങി നാലു സുപ്രധാനസമിതികളില്‍ കൂടി രാജ്‌നാഥ് സിങ്ങിനെ ഉള്‍പ്പെടുത്തി മന്ത്രിസഭ സമിതികള്‍ ഉടച്ചുവാര്‍ക്കുകയായിരുന്നു.നേരത്തെ സാമ്പത്തിക കാര്യം , സുരക്ഷകാര്യം എന്നി മന്ത്രിസഭ സമിതികളില്‍ മാത്രമായിരുന്നു രാജ്‌നാഥ് സിങ് അംഗമായിരുന്നത്.എന്നാല്‍ താന്‍ രാജിവെയ്ക്കുമെന്ന ഭീഷണിയെ തുടര്‍ന്നാണ് മന്ത്രിസഭ സമിതികളില്‍ മാറ്റം വരുത്തിയതെന്ന റിപ്പാര്‍ട്ടുകള്‍ രാജ്‌നാഥ് സിങ്ങിന്റെ ഓഫീസ് തളളി. 

പ്രത്യക്ഷത്തില്‍ മന്ത്രിസഭയില്‍ മൂന്നാമനായ ആഭ്യന്തരമന്ത്രി അമിത്ഷാ എല്ലാ സമിതികളിലും അംഗമാണ്. ധനകാര്യമന്ത്രിയായ നിര്‍മ്മല സീതാരാമന്‍ ഏഴ് സമിതികളിലാണ് അംഗമായിരിക്കുന്നത്. പ്രത്യക്ഷത്തില്‍ മന്ത്രിസഭയില്‍ രണ്ടാമന്‍ രാജ്നാഥ് സിങ്ങാണെങ്കിലും മന്ത്രിസഭയിലെ അധികാരകേന്ദ്രം മോദി കഴിഞ്ഞാല്‍ അമിത് ഷായാണ് എന്ന തരത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ് പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com