'തെരഞ്ഞെടുപ്പില്‍ ജയിക്കണോ?; ആര്‍എസ്എസിനെ കണ്ടുപഠിയ്ക്കൂ'; ഉപദേശവുമായി ശരദ്പവാര്‍ 

ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപഠിയ്ക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ ആഹ്വാനം
'തെരഞ്ഞെടുപ്പില്‍ ജയിക്കണോ?; ആര്‍എസ്എസിനെ കണ്ടുപഠിയ്ക്കൂ'; ഉപദേശവുമായി ശരദ്പവാര്‍ 

മുംബൈ: ആര്‍എസ്എസ് പ്രവര്‍ത്തകരെ കണ്ടുപഠിയ്ക്കാന്‍ എന്‍സിപി നേതാവ് ശരദ് പവാറിന്റെ ആഹ്വാനം.ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിയ്ക്ക് പിന്നാലെയാണ് എന്‍സിപി പ്രവര്‍ത്തകര്‍ക്ക് ശരദ് പവാറിന്റെ ഉപദേശം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പൊതുജനങ്ങളുമായി അടുത്തബന്ധം സ്ഥാപിക്കാന്‍ പ്രവര്‍ത്തകരോട് ശരദ് പവാര്‍ ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കനത്ത തോല്‍വിയാണ് നേരിട്ടത്. ഈ പശ്ചാത്തലത്തിലാണ് വരുന്ന തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ലക്ഷ്യമിട്ട് ശരദ് പവാര്‍ പ്രവര്‍ത്തകര്‍ക്ക് ഉപദേശം നല്‍കിയത്. 'ഇന്നുമുതല്‍ തന്നെ വീടുകള്‍ തോറും സന്ദര്‍ശിച്ച് വോട്ടര്‍മാരുമായി അടുത്തബന്ധം സ്ഥാപിക്കുന്നതിന് തുടക്കമിടണം.ഇങ്ങനെ ചെയ്താല്‍ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോള്‍, എന്തിനാണ് ഇപ്പോള്‍ മാത്രം ഞങ്ങളെ ഓര്‍ക്കുന്നത് എന്ന വോട്ടര്‍മാരുടെ ചോദ്യം ഒഴിവാക്കാം' -  പൂനെയില്‍ വിവിധ നിയമസഭ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശരദ് പവാര്‍.

'പൊതുജനങ്ങളുമായി നിരന്തരം ബന്ധം സ്ഥാപിക്കുകയാണ് ഏകപോംവഴി. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രചാരണം ഇതിന് മാതൃകയാക്കാവുന്നതാണ്. പ്രചാരണത്തിന് തെരഞ്ഞെടുത്ത അഞ്ചുവീടുകളില്‍ ഒരെണ്ണം അടഞ്ഞുകിടക്കുകയാണെങ്കില്‍, തങ്ങളുടെ സന്ദേശം കൈമാറുന്നത് വരെ അവര്‍ വീടുകളുമായുളള സമ്പര്‍ക്കം തുടര്‍ന്നു കൊണ്ടെയിരിക്കും. ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടത് എങ്ങനെയെന്ന് ആര്‍എസ്എസിന് അറിയാം'- ശരദ് പവാര്‍ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ 19 ഇടത്താണ് കോണ്‍ഗ്രസ് സഖ്യകക്ഷിയായി എന്‍സിപി മത്സരിച്ചത്. നാലിടത്ത് മാത്രമാണ് വിജയിക്കാനായത്. മഹാരാഷ്ട്രയില്‍ 25 ഇടത്ത് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ കോണ്‍ഗ്രസിന് ഒരിടത്ത് മാത്രമാണ് വിജയിക്കാനായത്. ബിജെപി-ശിവസേന സഖ്യം 48 സീറ്റുകളില്‍ 41 ഇടത്തും വിജയിച്ചു. ഒക്ടോബറിലാണ് മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com