ബംഗാള്‍ ജനത ബിജെപിയെ രക്ഷകരായി കാണുന്നു, അവര്‍ വളര്‍ന്നത് വര്‍ഗീയത കൊണ്ടല്ല: മുന്‍ പിസിസി അധ്യക്ഷന്‍

തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നാണ് ബംഗാളിലെ സാധാരണക്കാര്‍ കരുതുന്നത്
അധീര്‍ രഞ്ജന്‍ ചൗധരി-ഫയല്‍ ചിത്രം
അധീര്‍ രഞ്ജന്‍ ചൗധരി-ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ നാടകീയ വളര്‍ച്ചയ്ക്കു പിന്നില്‍ വര്‍ഗീയതയല്ലെന്ന് മുന്‍ പിസിസി അധ്യക്ഷനും എംപിയുമായ അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമ രാഷ്ട്രീയത്തിന് ബദല്‍ എന്ന നിലയിലാണ് ജനങ്ങള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ഇത്തരമൊരു ബദാലാവാന്‍ കോണ്‍ഗ്രസിനോ സിപിഎമ്മിനോ ത്രാണിയില്ലെന്നും ദ ഹിന്ദുവുമായുള്ള അഭിമുഖത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ ഹിന്ദുത്വമോ വര്‍ഗീയ രാഷ്ട്രീയമോ മാത്രമല്ല പശ്ചിമ ബംഗാളില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്കു കാരണമമെന്ന് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. തൃണമൂലിന്റെ അക്രമ രാഷ്ട്രീയത്തെ ചെറുക്കാന്‍ കഴിയുന്ന ഏക പാര്‍ട്ടി ബിജെപിയാണെന്നാണ് ബംഗാളിലെ സാധാരണക്കാര്‍ കരുതുന്നത്. തൃണമൂല്‍ ഭരണത്തില്‍ പീഡനം അനുഭവിക്കുന്ന അവര്‍ ബിജെപിക്കൊപ്പം ചേര്‍ന്നിരിക്കുന്നു. 

സിപിഎമ്മിനോ കോണ്‍ഗ്രസിനോ നിലവില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ ചെറുക്കാനുള്ള ത്രാണിയില്ല. അതിനുള്ള വിഭവവും രാഷ്ട്രീയ നേതൃത്വവും ഇപ്പോള്‍ ഈ രണ്ടു പാര്‍ട്ടികള്‍ക്കുമില്ല. അതുകൊണ്ടാണ് ജനങ്ങള്‍ ബിജെപിയിലേക്ക് ഒഴുകുന്നത്. ബിജെപിയെ പ്രത്യയശാസ്ത്രത്തെ കടുത്ത രീതിയില്‍ എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും ബിജെപിക്കൊപ്പം ചേരുകയാണ്. ബിജെപിക്കു വര്‍ഗീയ നിറം ഇല്ലെന്നല്ല പറയുന്നത്. ബംഗാളില്‍ അവരുടെ വളര്‍ച്ചയ്ക്കു കാരണം അതല്ലെന്നാണ്. 

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു കോടി ആളുകള്‍ക്കാണ് വോട്ടു ചെയ്യാന്‍ കഴിയാതിരുന്നത്. ഇരുപതിനായിരം സീറ്റുകളാണ് തൃണമൂല്‍ എതിരില്ലാതെ ജയിച്ചത്. അക്രമത്തിലൂടെ മാത്രമായിരുന്നു ഇത്. ബിജെപിയാണ് ഇവിടെ രക്ഷകരായി വന്നത്. അതെല്ലാം കണ്ട് ആളുകള്‍ അവരോടൊപ്പം പോയി.- ചൗധരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com