പേരും സ്ഥലവും ഒന്ന്, മാറിക്കിട്ടിയ അയല്‍വാസിയുടെ ചെക്ക്ബുക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ വീട്ടമ്മ പിടിയില്‍

മൂന്ന് മാസം കൊണ്ട് 3.62 ലക്ഷം രൂപയാണ് പിന്‍വലിച്ചത്
പേരും സ്ഥലവും ഒന്ന്, മാറിക്കിട്ടിയ അയല്‍വാസിയുടെ ചെക്ക്ബുക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടി; സിനിമയെ വെല്ലുന്ന തട്ടിപ്പ് നടത്തിയ വീട്ടമ്മ പിടിയില്‍

ന്യൂഡല്‍ഹി; അഡ്രസ് മാറിവന്ന അയല്‍വാസിയുടെ ചെക്ക്ബുക്ക് ഉപയോഗിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത വീട്ടമ്മ പിടിയില്‍. ഡല്‍ഹിയിലെ ഉത്തം നഗറിലാണ് സിനിമയെ വെല്ലുന്ന തട്ടിപ്പ് നടന്നത്. ഒരേ സ്ഥലത്ത് ഒരേ പേരില്‍ താമസിക്കുന്നവരാണ് തട്ടിപ്പ് നടത്തിയ ആളും അതിന് ഇരയായ ആളും. ചെക്ക്ബുക്ക് കിട്ടിയതിന് പിന്നാലെ അയല്‍വാസിയുമായി അടുത്ത് 49 കാരിയായ അനിതദേവി എന്ന വീട്ടമ്മ തന്ത്രപൂര്‍വം ഒപ്പ് പഠിക്കുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മാസം കൊണ്ട് 3.62 ലക്ഷം രൂപയാണ് പിന്‍വലിച്ചത്. കൂടാതെ അയല്‍വാസിയുടെ ഒപ്പ് ഉപയോഗിച്ച് എടിഎം വരെ ഇവര്‍ സംഘടിപ്പിച്ചു. 

ഫെബ്രുവരിയിലാണ് അനിത ദേവിയുടെ അയല്‍വാസി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പുതിയ ചെക്ക്ബുക്കിനായി അപേക്ഷിക്കുന്നത്. ഒരേ സ്ഥലത്ത് ഒരേ പേരിലാണ് രണ്ട് സ്ത്രീകളും താമസിക്കുന്നത്. അതിനാല്‍ കൊറിയര്‍ മാറി എത്തിയത് പ്രതിയുടെ കൈയിലാണ്. തന്റെ ചെക്ബുക്ക് അല്ലെന്ന് മനസിലാക്കിയ അനിത ദേവി അത് തിരിച്ചുകൊടുക്കാതെ അതിനെ തട്ടിപ്പിനായി ഉപയോഗിക്കുകയായിരുന്നു. ചെക്ക്ബുക്ക് കിട്ടിയശേഷം ഇവര്‍ തന്റെ അയല്‍വാസിയുമായി കൂടുതല്‍ അടുത്തു. 

ഇവരുടെ ഒപ്പ് പഠിച്ചെടുത്തു. ഹിന്ദിയിലായിരുന്നു അവര്‍ ഒപ്പിട്ടിരുന്നത്. ചെക്ക്ബുക്കില്‍ ഒപ്പിടുന്നതിന് മുന്‍പായി ഇവര്‍ നിരവധി തവണ ഒപ്പിട്ട് പഠിച്ചിരുന്നു. തുടര്‍ന്ന് 50000 രൂപ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചു. ബാങ്കിന് സംശയം തോന്നിയിട്ടില്ലെന്ന് മനസിലാക്കിയതോടെ നാല് ചെക്ക് ഉപയോഗിച്ച് 2.5 ലക്ഷം രൂപ അവര്‍ പിന്‍വലിച്ചെന്നും പൊലീസ് പറഞ്ഞു. പണം പിന്‍വലിക്കുക മാത്രമല്ല. അക്കൗണ്ടുമായി തന്റെ ഫോണ്‍നമ്പര്‍ ബന്ധിപ്പിക്കുകയും പുതിയ എടിഎം കാര്‍ഡും പിന്‍ നമ്പറും സ്വന്തമാക്കുകയും ചെയ്തു. എടിഎം വഴി 97,000 രൂപയാണ് ഇവര്‍ പിന്‍വലിച്ചത്. കൂടാതെ 15,000 രൂപയ്ക്ക് സാധനങ്ങള്‍ വാങ്ങുകയും ചെയ്തു. മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു യുവതി. 

ബാങ്ക് അക്കൗണ്ടിന്റെ യഥാര്‍ത്ഥ ഉടമയായ അനിത ദേവി മെയ് 23 വരെ ഇതൊന്നും അറിഞ്ഞിരുന്നില്ല. പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായ വിവരം ഇവര്‍ അറിയുന്നത്. തുടര്‍ന്ന് പൊലീസിനെയും ബാങ്ക് ഉദ്യോഗസ്ഥരേയും തട്ടിപ്പിനെ കുറിച്ച് അറിയിച്ചു. അടുത്ത ദിവസം പ്രതി ബാങ്കില്‍ എത്തിയപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് കേസായതോടെ അയല്‍വാസിയില്‍ നിന്ന് തട്ടിച്ച പണം അവര്‍ തിരികെ അക്കൗണ്ടിലേക്കിട്ടു. എന്നാല്‍ ഇവര്‍ക്കെതിരേ പൊലീസ് കേസെടുത്തു. തട്ടിപ്പിന് ഉപയോഗിച്ച ചെക്ക് ബുക്കും എടിഎമ്മും ഇവരില്‍ നിന്ന് കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com