അമ്മായി അമ്മയെ മരുമകള്‍ ക്രൂരമായി മര്‍ദ്ദിച്ചു; വീഡിയോ മുഖ്യമന്ത്രി കണ്ടു; അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2019 06:04 AM  |  

Last Updated: 09th June 2019 06:04 AM  |   A+A-   |  

 

ഛണ്ഡിഖഢ്: വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ മരുമകള്‍ അറസ്റ്റില്‍. സമൂഹമാധ്യമങ്ങളില്‍ യുവതി ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഹരിയാനയിലാണ് സംഭവം

80 വയസ്സുള്ള ചാന്ദ് ഭായിയാണ് മരുമകള്‍ കാന്താ ദേവിയുടെ ക്രൂരമര്‍ദ്ദനത്തിരയായത്. അയല്‍വാസിയായ വിദ്യാര്‍ത്ഥിനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വൈറലായ വീഡിയോ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ പൊലീസ് മരുമകള്‍ക്കെതിരെ കേസെടുത്തു. വൃദ്ധയെ ആശുപത്രിയിലെത്തിച്ചു.

സംഭവം പുറത്തറിഞ്ഞതോടെ കാന്താദേവി വീട്ടില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അധികം വൈകാതെ അറസ്റ്റിലായി. അമ്മൂമ്മയെ അമ്മ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ മകന്‍ പൊലീസിനോട് വെളിപ്പെടുത്തി.അതിര്‍ത്തി രക്ഷാ സേനയില്‍ അംഗമായിരുന്ന ചാന്ദ് ഭായിയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചു. മകന്റെയും മരുമകളുടെയും സംരക്ഷണയിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വിധവാ പെന്‍ഷന്‍ മാത്രമായിരുന്നു ഒരേയൊരു വരുമാന മാര്‍ഗം. 

രോഗശയ്യയിലായി തുറന്ന സ്ഥലത്ത് കിടക്കുന്ന ചാന്ദ് ഭായിയെ, കാന്താ ദേവി പിടിച്ചു തള്ളുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇത്തരം ചെയ്തികള്‍ പരിതാപകരമാണെന്നായിരുന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രതികരണം.വൃദ്ധയെ പരിചരിക്കുന്നത് ഒരു ബാധ്യതയായിട്ടാണ് യുവതി കണ്ടിരുന്നത്. ചാന്ദ്ഭായിക്ക് പെന്‍ഷനായി കിട്ടിയ 30,000 രൂപ കൈക്കലാക്കാന്‍ വേണ്ടിയാണ് വൃദ്ധയെ മര്‍ദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. ഐപിസി 323, 506 എന്നീ വകുപ്പുകളാണ് യുവതിക്കെതിരെ ചുമത്തിയിട്ടുള്ളത്.