കാല്‍ നടയായി ജനങ്ങളിലേക്കിറങ്ങാന്‍ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ ഭാരതയാത്ര

രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രയുടെ ഉദ്ദേശം
കാല്‍ നടയായി ജനങ്ങളിലേക്കിറങ്ങാന്‍ രാഹുല്‍ ഗാന്ധി; കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ ഭാരതയാത്ര

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ ഭാരതയാത്ര നടത്താനൊരുങ്ങി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് മനസ്സിലാക്കുകയാണ് യാത്രയുടെ ഉദ്ദേശം. ഭാരതയാത്ര സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നുവരികയാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഗ്രാമീണ മേഖലകളിലെ പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കുകയാണ് യാത്രകൊണ്ട് രാഹുല്‍ ഉദ്ദേശിക്കുന്നത്. കാല്‍നടയായിരും കാറിലും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചുമായിരിക്കും യാത്രകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. നേരത്തെ തന്നെ രാഹുല്‍ ഇത്തരമൊരു യാത്ര ഉദ്ദേശിച്ചിരുന്നതാണെങ്കിലും തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഇത് കൂടുതല്‍ പ്രസക്തമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെയുണ്ടായ കൂട്ട രാജികളും കൂറുമാറ്റങ്ങളും കോണ്‍ഗ്രസിന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.  പാര്‍ട്ടി അധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ തന്നെ പ്രസ്താവനയും വലിയ അനിശ്ചിതത്വത്തിനിടയാക്കിയിരുന്നു. കോണ്‍ഗ്രസില്‍ നിലവിലുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചതിനു ശേഷം മാത്രമായിരിക്കും രാഹുലിന്റെ യാത്രയെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

ആന്ധ്രാപ്രദേശില്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി 14 മാസം നീണ്ടുനിന്ന പ്രജാ സങ്കല്‍പ യാത്ര നടത്തിയിരുന്നു. ജനങ്ങളുമായി കൂടുതല്‍ അടുക്കുന്നതിനും അധികാരത്തിലെത്തുന്നതിനും ഇത് ജഗന്‍മോഹന്‍ റെഡ്ഡിയെ വളരെയധികം സഹായിക്കുകയും ചെയ്തിരുന്നു. 2017ല്‍ ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ യാത്ര തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. ഇതൊക്കെ മുന്‍നിര്‍ത്തിയാണ് ഭാരത യാത്രയെക്കുറിച്ച് രാഹുല്‍ ചിന്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com