കത്തുവ പീഡനക്കേസില്‍ വിധി ഇന്ന്; ആകാംക്ഷയോടെ രാജ്യം

നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്
കത്തുവ പീഡനക്കേസില്‍ വിധി ഇന്ന്; ആകാംക്ഷയോടെ രാജ്യം


ന്യൂഡല്‍ഹി; രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായ കത്തുവ പീഡന കേസില്‍ ഇന്ന് വിധി. പഠാന്‍കോട്ടിലെ ജില്ല സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. ജമ്മു കശ്മീരിലെ കത്തുവയില്‍ എട്ട് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി ക്ഷേത്രത്തില്‍വെച്ച് ദിവസങ്ങളോളം കൂട്ടബലാത്സംഘത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. 

നാല് പൊലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. 2018 ജനുവരിയില്‍ നടന്ന സംഭവം രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. ഗ്രാമത്തിലെ പൗരപ്രമുഖനും മുന്‍ റവന്യൂ ഉദ്യോഗസ്ഥനുമായ സഞ്ജി റാമാണ് മുഖ്യ ഗൂഢാലോചകന്‍. ഇയാളുടെ അധീനതയിലുള്ള  ക്ഷേത്രത്തിലാണ് പീഡനം നടന്നത്. 

സജ്ഞി റാമിന്റെ  മകന്‍ വിശാല്‍,  പ്രായപൂര്‍ത്തിയെത്താത്ത അനന്തരവന്‍, സുഹൃത്ത്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ ദീപക് കജൂരിയ എന്നിവര്‍ കൃത്യങ്ങളില്‍ നേരിട്ട് പങ്കെടുത്തു. കേസാദ്യം അന്വേഷിച്ച എസ് ഐ ആനന്ദ് ദത്ത, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ്, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍ സുരേന്ദര്‍ വര്‍മ എന്നിവര്‍ തെളിവ് നശിപ്പിക്കാനും കൂട്ടു നിന്നു. 

ഒരു വിഭാഗം അഭിഭാഷകര്‍ പ്രതികള്‍ക്ക് വേണ്ടി രംഗത്തെത്തിയിരുന്നു. കേസിന്റെ കുറ്റപത്രം കത്തുവ കോടതിയില്‍ സമര്‍പ്പിക്കാന്‍ ഒരു കൂട്ടം അഭിഭാഷകര്‍ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സുപ്രിം കോടതിയാണ് വിചാരണ പഠാന്‍കോട്ടിലെ അതിവേഗ കോടതിയിലേക്ക് മാറ്റിയത്. കോടതിയുത്തരവ് പ്രകാരം രഹസ്യ വിചാരണയാണ് നടന്നത്. 275 തവണ നടന്ന വിചാരണയില്‍ 132 സാക്ഷികളെ വിസ്തരിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സജ്ഞിറാമിനെയും മകനെയും പൊലീസ് ഉദ്യോഗസ്ഥരെയും കേസില്‍ പെടുത്തിയതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com