ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു, റിപ്പോര്‍ട്ട് നല്‍കി

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാദി മോദിയോട് ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍
ബംഗാള്‍ സംഘര്‍ഷം: ഗവര്‍ണര്‍ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടു, റിപ്പോര്‍ട്ട് നല്‍കി

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ത്രിണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുളള സംഘര്‍ഷം മുറുകുന്നതിനിടെ, ബംഗാള്‍ ഗവര്‍ണര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി മോദിയോട് ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ആഭ്യന്തരമന്ത്രി അമിത് ഷായുമായും ഗവര്‍ണര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഡല്‍ഹിയില്‍ നടന്ന മോദി- കേസരി നാഥ് ത്രിപാഠി കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യം സംബന്ധിച്ച് ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കി.നേരത്തെ അമിത് ഷായെ കണ്ടും ഗവര്‍ണര്‍ സംസ്ഥാനത്തെ സാഹചര്യം വിശദീകരിച്ചിട്ടുണ്ട്. 

അതേസമയം ബിജെപി- തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇരുപാര്‍ട്ടികളിലെ നേതാക്കള്‍ തമ്മിലുളള വാക്‌പോരും ശക്തമായി. സംസ്ഥാനത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ബിജെപി ശ്രമിക്കുന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് അസ്വസ്ഥത സൃഷ്ടിക്കാന്‍ ബിജെപി കലാപത്തിന് പ്രോത്സാഹിപ്പിക്കുകയാണ്. സംസ്ഥാനത്ത് ഉണ്ടായ അക്രമസംഭവങ്ങളുടെ പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും മമത ആരോപിച്ചു. തന്നെ നിശബ്ദയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ബിജെപിയെ ശക്തമായി എതിര്‍ക്കുന്ന ഒരേ ഒരാള്‍ താന്‍ ആണ് എന്നതാണ് ഇതിന് പിന്നിലെന്നും മമത പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com