യോഗി ആദിത്യനാഥിനെതിരെ പോസ്റ്റ് ; മാധ്യമപ്രവര്‍ത്തകനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി , പ്രതിഷേധം

വ്യാജവാര്‍ത്ത നിര്‍മ്മിച്ചുവെന്നും ഇലക്ട്രോണിക് മാധ്യമത്തിലൂടെ അത്  പ്രചരിപ്പിച്ചുവെന്നാണ് പുതിയ കേസ്.
യോഗി ആദിത്യനാഥിനെതിരെ പോസ്റ്റ് ; മാധ്യമപ്രവര്‍ത്തകനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി , പ്രതിഷേധം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ട്വീറ്റ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ പ്രശാന്ത് കനോജിയയ്‌ക്കെതിരെ പുതിയ വകുപ്പുകള്‍ ചുമത്തി. വ്യാജവാര്‍ത്ത നിര്‍മ്മിച്ചുവെന്നും ഇലക്ട്രോണിക് മാധ്യമത്തിലൂടെ 
അത്  പ്രചരിപ്പിച്ചുവെന്നാണ് പുതിയ കേസ്.

അംഗീകാരമില്ലാതെ മാധ്യമസ്ഥാപനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്ത ആദ്യം സംപ്രേഷണം ചെയ്ത 'നേഷന്‍ ലൈവ്' ചാനലിന്റെ എഡിറ്ററെയും ചീഫ് എഡിറ്ററെയും അറസ്റ്റ് ചെയ്യുകയും ചാനല്‍ ആസ്ഥാനം അടച്ചു പൂട്ടുകയുംചെയ്തതിന് പിന്നാലെയാണ് ഈ നടപടി.

പൊലീസ് നടപടിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡും മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഡല്‍ഹിയിലെ വസതിയില്‍ നിന്ന് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച പ്രശാന്തിനെ ലക്‌നൗവിലെത്തിച്ച് അറസ്റ്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്നും നിയമ വിരുദ്ധമാണ് അറസ്‌റ്റെന്നും ശക്തമായ ആരോപണം ഉയര്‍ന്നിരുന്നു.

കാണ്‍പൂര്‍ സ്വദേശിയായ യുവതി മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളുടെ വിഡിയോയാണ് കനോജിയ ട്വിറ്ററില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ വാര്‍ത്ത ചാനല്‍ പിന്‍വലിക്കുകയും  ചെയ്തിരുന്നു. എന്നാല്‍ ഉള്ളടക്കം നീക്കം ചെയ്തിട്ടും മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തു. 

 അപകീര്‍ത്തി, ഐടി ആക്ട് 66 എന്നിവയാണ് കനോജിയയ്‌ക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം ചുമത്തിയിരുന്ന വകുപ്പുകള്‍. ഇതിന് പുറമേയാണ് ഐപിസി 505, ഐടി ആക്ട് 67 എന്നിവയും ചുമത്തിയത്. അതേസമയം ഈ വകുപ്പുകള്‍ കനോജിയയ്‌ക്കെതിരെ നിലനില്‍ക്കുന്നതാണോ എന്നത് വ്യക്തമല്ല. ഈ വകുപ്പുകള്‍ ചുമത്തുന്നതിന് മജിസ്‌ട്രേറ്റ് അനുമതി നല്‍കിയിട്ടുണ്ടോ എന്ന വിവരവും പൊലീസ് മറച്ചു വയ്ക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിതെന്നും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നതെന്നും ആക്ടിവിസ്റ്റുകള്‍ ആരോപിച്ചു. കേസില്‍ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ അഭിഷേക് മനു സിങ്വി കനോജിയയ്ക്ക് വേണ്ടി ഹാജരാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com