110 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ത്ഥനകളും വിഫലം;  കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനായില്ല

ആംബുലന്‍സ് മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
110 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനവും പ്രാര്‍ത്ഥനകളും വിഫലം;  കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനായില്ല

അമൃത്സര്‍ : 110 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുലില്‍ കുഴല്‍ക്കിണറില്‍ നിന്നും പുറത്തെത്തിച്ചെങ്കിലും രണ്ട് വയസുകാരന്‍ ഫത്തേവീറിനെ രക്ഷിക്കാനായില്ല. ഛണ്ഡീഗഡിലെ പിജിഐ ആശുപത്രിയില്‍ വച്ചായിരുന്നു കുട്ടി മരിച്ചത്.  അപകടമുണ്ടായ കുഴല്‍ക്കിണറിന് സമാന്തരമായി മറ്റൊരു കുഴല്‍ക്കിണര്‍ കുഴിച്ച് പുലര്‍ച്ചെ 5.30 ഓടെ കുട്ടിയെ പുറത്തെത്തിക്കുകയായിരുന്നു. ആംബുലന്‍സ് മാര്‍ഗം ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 


കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ക്കിണറിലേക്ക് വീണത്. കുട്ടി വീഴുന്നത് കണ്ട അമ്മ രക്ഷിക്കാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഉപയോഗശൂന്യമായ കിണര്‍ തുണി കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിക്ക് രണ്ട് വയസ് തികഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഇവരുടെ ഏകമകനാണ് മരിച്ച ഫത്തേവിര്‍ സിങ്. ഏഴ് ഇഞ്ച് മാത്രം വീതിയും 125 ആഴവുമുള്ള കുഴിയിലാണ് കുട്ടി വീണുപോയതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

കുഴല്‍ക്കിണറിനുള്ളിലകപ്പെട്ട കുട്ടിക്ക് ഓക്‌സിജന്‍ മാത്രം എത്തിക്കുന്നതിനേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. അതീവ ദുഷ്‌കരമായിരുന്നു രക്ഷാ പ്രവര്‍ത്തനമെന്നും രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കി. അപകടത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഉപയോഗശൂന്യമായ എല്ലാ കുഴല്‍ക്കിണറുകളും അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതായി മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. 

കുട്ടിയെ രക്ഷിക്കാന്‍ കാലതാമസം ഉണ്ടായതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. വിമാനമാര്‍ഗ്ഗം എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കാമായിരുന്നിട്ടും 140 കിലോമീറ്ററോളം അകലെയുള്ള ആശുപത്രിയിലേക്ക് റോഡ് മാര്‍ഗം കൊണ്ട് പോയെന്ന ആരോപണവും ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com