ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞു ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍, ഭര്‍ത്താവ് ഒളിവില്‍

ഇയാളുടെ മാതാപിതാക്കളും ഒളിവിലാണെന്നും പൊലീസ്
ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ പുറത്തേക്കെറിഞ്ഞു ; കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍, ഭര്‍ത്താവ് ഒളിവില്‍

ചെന്നൈ: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്നും യുവതിയെ ഭര്‍ത്താവ് പുറത്തേക്കെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുംബൈ സ്വദേശിയായ ആരതി (38) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ഉള്ളത്. കോയമ്പത്തൂരില്‍ വച്ചായിരുന്നു സംഭവം. റോഡിലേക്ക് തെറിച്ചു വീണതിനെ തുടര്‍ന്ന് യുവതിയുടെ കെകാലുകള്‍ക്കും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തി  കേസെടുത്തുവെങ്കിലും ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായില്ല. ഇയാളുടെ മാതാപിതാക്കളും ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. 

യുവതിയുടെ സഹോദരിയുടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഭവമുണ്ടായത്. അരുണിന്റെ മാതാപിതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. യാത്രയ്ക്കിടയില്‍ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അരുണ്‍ യുവതിയെ കാറില്‍ നിന്നും ചവിട്ടി പുറത്തേക്ക് തെറിപ്പിക്കുകയായിരുന്നുവെന്നാണ് സിസി ടിവി ദൃശ്യങ്ങളില്‍ കാണുന്നത്. 

ഇവര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നുവെന്ന് പൊലീസ് വെളിപ്പെടുത്തി. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ താമസിച്ചിരുന്ന ആരതിയെയും രണ്ട് മക്കളെയും ഭര്‍ത്താവായ അരുണ്‍ സ്വന്തം വീട്ടിലേക്ക് തിരികെ കൊണ്ട് വന്നിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇനിയും പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്നും സമാധാനമായി ജീവിക്കാമെന്നും ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് മടങ്ങിപ്പോയതെന്ന് യുവതി പൊലീസില്‍ വെളിപ്പെടുത്തി. വിവാഹബന്ധം വേര്‍പെടുത്തുന്നതിന് അഞ്ച് വര്‍ഷം മുമ്പ് മുംബൈയിലെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഇത് ഒത്തുതീര്‍പ്പാവുകയായിരുന്നു. പ്രതിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com