കോണ്‍ഗ്രസിന് ഇടക്കാല പ്രസിഡന്റ് വന്നേക്കും, തീരുമാനങ്ങളെടുക്കാന്‍ ഉന്നത സമിതി; രാഹുല്‍-ആന്റണി സുപ്രധാന കൂടിക്കാഴ്ച ഉടന്‍

പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുമെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍
എകെ ആന്റണിയും രാഹുല്‍ ഗാന്ധിയും - ഫയല്‍
എകെ ആന്റണിയും രാഹുല്‍ ഗാന്ധിയും - ഫയല്‍

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷസ്ഥാനം ഒഴിയാനുള്ള തീരുമാനത്തില്‍നിന്നു പിന്‍മാറാന്‍ രാഹുല്‍ ഗാന്ധി വിസമ്മതിക്കുന്ന സാഹചര്യത്തില്‍ പകരം സംവിധാനത്തെക്കുറിച്ച് കോണ്‍ഗ്രസില്‍ ആലോചനകള്‍ മുറുകി. ഇടക്കാല പ്രസിഡന്റിനെ നിയമിച്ച് പ്രതിസന്ധി തരണം ചെയ്യുന്നതിനെക്കുറിച്ചാണ് നേതാക്കള്‍ക്കിടയില്‍ ചര്‍ച്ച. പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി രാഹുല്‍ ഗാന്ധിയുമായി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാവുമെന്ന് ഉന്നത പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാഹുല്‍ പദവി ഒഴിയുകയാണന്ന് അറിയിച്ചത്. തെരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ചേര്‍ന്ന പ്രവര്‍ത്ത സമിതി യോഗത്തിലായിരുന്നു രാഹുലിന്റെ പ്രഖ്യാപനം. പ്രവര്‍ത്തക സമിതി പ്രഖ്യാപനം തള്ളിയെങ്കിലും സ്ഥാനമൊഴിയാനുള്ള തീരുമാനത്തില്‍ രാഹുല്‍ ഉറച്ചുനില്‍ക്കുകയാണ്. നെഹ്‌റു കുടുംബത്തിനു പുറത്ത് നിന്ന് ഒരാളെ അധ്യക്ഷസ്ഥാനത്തേക്കു തെരഞ്ഞെടുക്കണമെന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ രാഹുല്‍ മുന്നോട്ടുവച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധനത്തിനു വഴങ്ങി രാഹുല്‍ അധ്യക്ഷ പദവിയില്‍ തുടരുമെന്ന പ്രതീക്ഷയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഇപ്പോഴുമുള്ളത്. ഇതിനായുള്ള സമ്മര്‍ദം തുടരുകയാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ രാഹുല്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കുന്നതിനെക്കുറിച്ചാണ് ആലോചന. സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് മുതിര്‍ന്ന നേതാക്കള്‍ അടങ്ങിയ സമിതി രൂപീകരിക്കുകയും ഇതിന്റെ അധ്യക്ഷനായി ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കുകയും ചെയ്യുന്നതിന്റെ സാധ്യതകള്‍ പാര്‍ട്ടി പരിശോധിക്കുകയാണ്. പാര്‍ട്ടി ഭരണഘടന അനുസരിച്ച് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നതിനു സാധുതയുണ്ടോയെന്നാണ് പരിശോധന. 

വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിച്ച് രാഹുല്‍ തന്നെ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന നിര്‍ദേശം നേരത്തെ ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നു. ഇതിലും കാര്യമായ പുരോഗതി ഉണ്ടാക്കാനായിട്ടില്ലെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പ്രഖ്യാപിച്ച ശേഷം നേതാക്കളുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കു രാഹുല്‍ സാഹചര്യമൊരുക്കിയിട്ടില്ല. മുതിര്‍ന്ന നേതാവ് എകെ ആന്റണി ഉടന്‍ തന്നെ രാഹുലുമായി കൂടിക്കാഴ്ച നടത്തുമെന്നും ഭാവി പരിപാടികള്‍ സംബന്ധിച്ച് ഈ കൂടിക്കാഴ്ചയില്‍ തീരുമാനമാവുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. 

അടുത്തയാഴ്ച പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ കക്ഷി നേതാവിനെയും തെരഞ്ഞെടുക്കേണ്ടതുണ്ട്. രാഹുല്‍ ഈ സ്ഥാനത്തു വരണമെന്ന് ചില നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും രാഹുല്‍ നിലപാടു വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സഭയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആയിരുന്നു കോണ്‍ഗ്രസിന്റെ കക്ഷി നേതാവ്. ഇക്കുറി ഖാര്‍ഗെ പരാജയപ്പെട്ടതിനാല്‍ ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ പരിഗണിക്കപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com