ജയിലില്‍ അടയ്ക്കാന്‍ ഇതു കൊലക്കേസാണോ? ട്വീറ്റിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ യോഗി സര്‍ക്കാരിന് വിമര്‍ശനം, മോചിപ്പിക്കാന്‍ ഉത്തരവ്

ജയിലില്‍ അടയ്ക്കാന്‍ ഇതു കൊലക്കേസാണോ? ട്വീറ്റിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ യോഗി സര്‍ക്കാരിന് വിമര്‍ശനം, മോചിപ്പിക്കാന്‍ ഉത്തരവ്
ജയിലില്‍ അടയ്ക്കാന്‍ ഇതു കൊലക്കേസാണോ? ട്വീറ്റിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ യോഗി സര്‍ക്കാരിന് വിമര്‍ശനം, മോചിപ്പിക്കാന്‍ ഉത്തരവ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് ഷെയര്‍ ചെയ്‌തെന്ന പേരില്‍ അറസ്റ്റ് ചെയ്ത മാധ്യമ പ്രവര്‍ത്തകനെ ഉടന്‍ ജാമ്യത്തില്‍ വിട്ടയയ്ക്കാന്‍ സുപ്രിം കോടതി ഉത്തരവ്. സമൂഹ മാധ്യമത്തില്‍ ഒരു പോസ്റ്റ് പങ്കു വച്ചെന്ന പേരില്‍ ഒരാളെ എങ്ങനെ അറസ്റ്റ് ചെയ്ത് 11 ദിവസം കസ്റ്റഡിയില്‍ വയ്ക്കാനാവുമെന്ന് കോടതി ചോദിച്ചു. കേസില്‍ യുപി സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.

യോഗി ആദിത്യനാഥിനെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്ന് യുവതി പറയുന്ന വിഡിയോ ഷെയര്‍ ചെയ്തതിനാണ്, ഡല്‍ഹിയിലെ മാധ്യമ പ്രവര്‍ത്തകനായ പ്രശാന്ത് കനോജിയയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ പ്രശാന്തിന്റെ ഭാര്യ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.

സമൂഹമാധ്യമത്തില്‍ ഒരു പോസ്റ്റിട്ടതിന്റെ പേരില്‍ ഒരാളെ എങ്ങനെയാണ് പതിനൊന്നു ദിവസം കസ്റ്റഡിയില്‍ വയ്ക്കാനാവുകയെന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ചോദിച്ചു. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഇല്ലാതായിരിക്കുന്നത്. അഭിപ്രായങ്ങള്‍ വ്യത്യസ്തമാവാം, ഇത്തരത്തിലുള്ള പോസ്റ്റുകള്‍ എതിര്‍ക്കപ്പെടേണ്ടതുമാവാം. എന്നാല്‍ ഏതു വകുപ്പിലാണ് ഒരാളെ ഇതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമം 505 പ്രകാരമാണ് അറസ്റ്റെന്ന് യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ എഎസ്ജി വിക്രംജിത് ബാനര്‍ജി അറിയിച്ചു. ഒരു ട്വീറ്റിന്റെ പേരിലല്ല, ഒരുപാട് ട്വീറ്റുകള്‍ പ്രശാന്ത് കനോജിയ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എഎസ്ജി പറഞ്ഞു. ഈ കേസില്‍ 505 നിലനില്‍ക്കുമെന്ന് സംസ്ഥാനത്തിന് ഉത്തമ ബോധ്യമുണ്ടോയെന്ന് ജസ്റ്റിസ് അജയ് രസ്‌തോഗി ആരാഞ്ഞു. 

ഇത്തരത്തില്‍ ഒരു കേസില്‍ പത്തു ദിവസത്തെ റിമാന്‍ഡ് ഇതിനു മുമ്പ് ഉണ്ടായിട്ടുണ്ടോയെന്ന് ജസ്റ്റിസ് രസ്‌തോഗി ചോദിച്ചു. അവര്‍ക്ക് ഇക്കാര്യം കീഴ് കോടതിയില്‍ ചോദ്യം ചെയ്യാവുന്നതാണെന്ന് എഎസ്ജി മറുപടി നല്‍കി. ജയിലില്‍ കിടന്നു ചോദ്യം ചെയ്യുകയോ എന്നായിരുന്നു ഇതിന് കോടതിയുടെ മറുപടി. പ്രകടമായത് ചിലതു നടക്കുമ്പോള്‍ സുപ്രീം കോടതിക്ക് കൂപ്പ് കൈയോടെ ഹൈകോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ച് വെറുതെ ഇരിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി പറഞ്ഞു. ഭരണഘടന ഉറപ്പാക്കുന്ന സ്വാതന്ത്ര്യം പവിത്രം ആണ്. അതില്‍ വിട്ട് വീഴ്ച ചെയ്യാന്‍ ആകില്ലെന്നും ജസ്റ്റിസ് ബാനര്‍ജി വ്യക്തമാക്കി. ഇതൊരു കൊലപാതക കേസ് അല്ലെന്ന് കോടതി ഓര്‍മിപ്പിച്ചു. കനോജിയയെ ഉടന്‍ മോചിപ്പിക്കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു. കനോജിയയ്ക്ക് എതിരായ കേസ് നിയപ്രകാരം തുടരാമെന്നും കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com