ബാബാ രാംദേവിന്റെ അന്താരാഷ്ട്ര യോഗദിന പരിപാടി റദ്ദാക്കി, അപ്രതീക്ഷിതം; രാഷ്ട്രീയലോകത്ത് ചര്‍ച്ച 

അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗംഗയുടെ തീരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ബാബാ രാംദേവ് റദ്ദാക്കി
ബാബാ രാംദേവിന്റെ അന്താരാഷ്ട്ര യോഗദിന പരിപാടി റദ്ദാക്കി, അപ്രതീക്ഷിതം; രാഷ്ട്രീയലോകത്ത് ചര്‍ച്ച 

ന്യൂഡല്‍ഹി: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഗംഗയുടെ തീരത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി ബാബാ രാംദേവ് റദ്ദാക്കി.മഹാരാഷ്ട്ര ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് യോഗദിന പരിപാടി മഹാരാഷ്ട്രയിലോ, ഹരിയാനയിലോ നടത്തണമെന്ന് ബിജെപി നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ ചുവടുപിടിച്ചാണ് ഗംഗയുടെ തീരത്ത് സംഘടിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന പരിപാടി രാംദേവ് റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഒഴിവാക്കാന്‍ പറ്റാത്ത ചില കാരണങ്ങള്‍ മൂലമാണ് പരിപാടി റദ്ദാക്കിയതെന്നാണ് ബാബ രാംദേവിന്റെ അടുത്ത അനുയായിയായ ആചാര്യ ബാലകൃഷ്ണന്റെ പ്രതികരണം.

ജൂണ്‍ 21 നാണ് അന്താരാഷ്ട്ര യോഗദിനം. ഇതിനോടനുബന്ധിച്ച് ഗംഗയുടെ തീരത്ത് വിപുലമായ രീതിയില്‍ പരിപാടി സംഘടിപ്പിക്കാനാണ് ബാബ രാംദേവ് ലക്ഷ്യമിട്ടിരുന്നത്. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ ആയിരങ്ങളെയാണ് പരിപാടിക്ക് ക്ഷണിച്ചിരുന്നത്. യോഗക്രിയകള്‍ക്ക് ബാബ രാംദേവ് തന്നെ നേതൃത്വം നല്‍കുമെന്നാണ് പറഞ്ഞിരുന്നത്.ഗംഗയുടെ തീരത്ത് ആദ്യമായിട്ടാണ് ഇത്തരത്തില്‍ ഒരു പരിപാടി സംഘടിപ്പിക്കുന്നത് എന്ന തരത്തില്‍ വ്യാപകമായി പ്രചാരണവും നടത്തിയിരുന്നു.ഇതിന് പിന്നാലെയാണ് പരിപാടി റദ്ദാക്കി എന്ന അറിയിപ്പ് പുറത്തുവന്നത്. എന്നാല്‍ മറ്റുപരിപാടികള്‍ക്ക് മാറ്റമില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്രയിലെ നന്ദേദില്‍ പരിപാടി സംഘടിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷത്തിന്റെ അവസാനം മഹാരാഷ്ട്ര ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പാണ്. ഇത് മുന്നില്‍ കണ്ട് യോഗദിന പരിപാടി മഹാരാഷ്ട്രയിലോ, ഹരിയാനയിലോ നടത്തണമെന്ന് ബിജെപിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗംഗയുടെ തീരത്തെ പരിപാടി റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com