കമല്‍നാഥിന്റെ ഉള്ളിലെന്ത്? കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കായി വിരുന്ന്, ആകാംക്ഷയുണര്‍ത്തി പുതിയ നീക്കം

കമല്‍നാഥിന്റെ ഉള്ളിലെന്ത്? കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കായി വിരുന്ന്, ആകാംക്ഷയുണര്‍ത്തി പുതിയ നീക്കം
കമല്‍നാഥിന്റെ ഉള്ളിലെന്ത്? കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കായി വിരുന്ന്, ആകാംക്ഷയുണര്‍ത്തി പുതിയ നീക്കം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെത്തുടര്‍ന്നുള്ള അസ്വാരസ്യത്തില്‍ കോണ്‍ഗ്രസ് പുകയുന്നതിനിടെ രാഷ്ട്രീയ വൃത്തങ്ങളില്‍ ആകാംക്ഷയുണര്‍ത്തി മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പുതിയ നീക്കം. കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായി വിരുന്നു സംഘടിപ്പിക്കാനുള്ള നീക്കമാണ് അഭ്യൂഹങ്ങള്‍ക്കു വഴിമരുന്നിട്ടിരിക്കുന്നത്.

തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്നു പാര്‍ട്ടി അധ്യക്ഷപദത്തില്‍നിന്നു രാജി പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിയുമായി കമല്‍നാഥ് മികച്ച ബന്ധത്തിലല്ലെന്നാണ് സൂചനകള്‍. തെരഞ്ഞെടുപ്പു ഫലം വിലയിരുത്താന്‍ ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ രാഹുല്‍ കമല്‍നാഥിനെയും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെയും കുറ്റപ്പെടുത്തിയതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രവര്‍ത്തക സമിതി യോഗത്തിനു ശേഷം ഇരു നേതാക്കളും പലവട്ടം കൂടിക്കാഴ്ചയ്ക്കു ശ്രമിച്ചെങ്കിലും രാഹുല്‍ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനിടെയാണ് കോണ്‍ഗ്രസ് ഭരണ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കായി കമല്‍നാഥ് വിരുന്നൊരുക്കുന്നത്.

ഈ മാസം പതിനഞ്ചിന് നീതി ആയോഗ് യോഗത്തിനായി മുഖ്യമന്ത്രിമാര്‍ ഡല്‍ഹിയില്‍ എത്തുന്നുണ്ട്. ഇതിനു മുന്നോടിയായാണ് കമല്‍നാഥ് പതിനാലിന് പഞ്ചാബ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ്, പുതുച്ചേരി മുഖ്യമന്ത്രിമാര്‍ക്കായി വിരുന്നു സംഘടിപ്പിരിക്കുന്നത്. വിരുന്ന് രാഷ്ട്രീയ ചര്‍ച്ചാ വേദിയായി മാറുമെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള പോക്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയെന്ന ലക്ഷ്യം വിരുന്നിനു പിന്നിലുണ്ടെന്നാണ് അഭ്യൂഹം.

രാഹുല്‍ ഗാന്ധി കാണാന്‍ വിസമ്മതിച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട കമല്‍നാഥ് മകനെയും ഒപ്പം കൂട്ടിയത് പുതിയ ചര്‍ച്ചകള്‍ക്കു കാരണമായിരുന്നു. മുഖ്യമന്ത്രി എന്ന നിലയില്‍ കമല്‍നാഥിന് പ്രധാനമന്ത്രിയെ കാണാം. എന്നാല്‍ മകനെ കൂട്ടിക്കൊണ്ടു പോയത് അനാവശ്യ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. കമല്‍നാഥിന്റെ ഈ നടപടിയില്‍ നേതൃത്വത്തിന് അതൃ്പതിയുണ്ടെന്നാണ് സൂചനകള്‍. മകന്‍ നകുലിനെ സ്ഥാനാര്‍ഥിയാക്കാന്‍ കമല്‍നാഥ് നിര്‍ബന്ധം ചെലുത്തിയെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രധാന വിമര്‍ശനം.

അതിനിടെ രാഹുല്‍ ഒഴിയാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന പക്ഷം സ്വീകരിക്കേണ്ട ഭാവി പരിപാടികളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഇടക്കാല പ്രസിഡന്റിനെ നിയോഗിക്കാനും സുപ്രധാന കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉന്നത സമിതിയെ ചുമതലപ്പെടുത്താനുമാണ് നീക്കം. കോണ്‍ഗ്രസില്‍ നേരത്തെയുണ്ടായിരുന്ന പാര്‍ലമെന്ററി ബോര്‍ഡ് പോലെ ഒരു സംവിധാനം രൂപീകരിക്കാനാണ് നേതാക്കള്‍ ഉദ്ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com