ചന്ദ്രയാന്‍ രണ്ട് ജൂലൈ 15ന്; 14 ദിവസത്തിനുളളില്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍; 600 കോടി ചെലവ്

ചാന്ദ്ര പര്യവേക്ഷണത്തിനുളള ചന്ദ്രയാന്‍ രണ്ട് ജൂലൈ 15 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ
ചന്ദ്രയാന്‍ രണ്ട് ജൂലൈ 15ന്; 14 ദിവസത്തിനുളളില്‍ ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍; 600 കോടി ചെലവ്

ന്യൂഡല്‍ഹി:  ചാന്ദ്ര പര്യവേക്ഷണത്തിനുളള ചന്ദ്രയാന്‍ രണ്ട് ജൂലൈ 15 ന് വിക്ഷേപിക്കുമെന്ന് ഐഎസ്ആര്‍ഒ. അന്നേദിവസം പുലര്‍ച്ചെ 2.51 ന് ചന്ദ്രയാന്‍ രണ്ടുമായി ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് കുതിച്ചുയരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശ്രീഹരിക്കോട്ടയിലെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നുമാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കുക.

ചന്ദ്രയാന്‍ ഒന്ന് ദൗത്യത്തിന് സ്വീകരിച്ച അതേ രീതികള്‍ തന്നെയാണ് ചന്ദ്രയാന്‍ രണ്ടിനും ഉപയോഗിക്കുകയെന്ന് കെ ശിവന്‍ പറഞ്ഞു. 600 കോടിയിലധികം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. വിക്ഷേപണത്തിന് ശേഷം നിരവധി ആഴ്ചകള്‍ കഴിഞ്ഞ് മാത്രമാണ് പര്യവേക്ഷണ സംവിധാനം ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. മറ്റൊരു വിക്ഷേപണവാഹനം ഇതുവരെ ഇറങ്ങാത്ത സ്ഥലത്ത് ലാന്‍ഡ് ചെയ്യിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് കെ ശിവന്‍ പറഞ്ഞു.

ചന്ദ്രനെ വലം വെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പര്യവേക്ഷണം നടത്തുന്ന റോബോട്ടിക് റോവര്‍, ഇതിനെ സുരക്ഷിതമായി ചന്ദ്രനിലിറക്കാനുള്ള ലാന്‍ഡര്‍ എന്നി മുന്നുഘട്ടങ്ങളുള്ളതാണ് ചന്ദ്രയാന്‍ 2. വിക്ഷേപിച്ച് 14 ദിവസത്തിനുളളില്‍ ലാന്‍ഡര്‍ ചന്ദ്രന്റെ നിശ്ചിത സ്ഥലത്ത് എത്തിച്ചേരുമെന്ന് ശിവന്‍ പറഞ്ഞു.3.8 ടണ്ണാണ് ചന്ദ്രയാന്‍ രണ്ടിന്റെ മൊത്തം ഭാരം. ഇതില്‍ 1.3 ടണ്‍ പ്രൊപ്പല്ലറിന് മാത്രമായിരിക്കും.ഐഎസ്ആര്‍ഒയുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും സങ്കീര്‍ണമായ ദൗത്യമാണിതെന്ന് ശിവന്‍ പറഞ്ഞു.

നേരത്തെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ ഓര്‍ബിറ്ററും ലാന്‍ഡറും ഉള്‍പ്പെടുന്ന പേടകത്തിന്റെ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നു. പേടകത്തെ ചന്ദ്രന്റെ നൂറ് കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തില്‍ എത്തിക്കുകയാണ് ആദ്യം ചെയ്യുക. 

10 വര്‍ഷം മുമ്പായിരുന്നു ചന്ദ്രയാന്‍2 ന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ചന്ദ്രനിലെ രാസഘടനയെപ്പറ്റി പഠിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രയാന്‍ 2 ദൗത്യത്തിനുള്ളത്. പ്രത്യേകിച്ച് ചന്ദ്രനിലെ ഹീലിയത്തിന്റെ അളവ് എത്രത്തോളമുണ്ട് എന്ന് അറിയുകയാണ് ലക്ഷ്യം. ഒന്നാം ചന്ദ്രയാന്‍ ദൗത്യം ഇതുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കിയിരുന്നു. ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ കൃത്യമായി ശേഖരിക്കുക എന്നതാണ് ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യമിടുന്നത്. 

ഐഎസ്ആര്‍ഒയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായ ദൗത്യമാണ് ഇത്. ഇതിന് മുമ്പ് അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയുള്ള റോവര്‍ ദൗത്യം നടത്തിയിട്ടുള്ളു. ഈ പട്ടികയിലേക്കാണ് ഇന്ത്യയും എത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com