ബംഗാളില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി; ലാത്തിവീശി, കണ്ണീര്‍ വാതക പ്രയോഗം, നിരവധിപ്പേര്‍ക്ക് പരിക്ക് (വീഡിയോ)

ബംഗാളില്‍ പ്രതിഷേധമാര്‍ച്ചിനിടെ, പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു
ബംഗാളില്‍ പൊലീസും ബിജെപി പ്രവര്‍ത്തകരും ഏറ്റുമുട്ടി; ലാത്തിവീശി, കണ്ണീര്‍ വാതക പ്രയോഗം, നിരവധിപ്പേര്‍ക്ക് പരിക്ക് (വീഡിയോ)

കൊല്‍ക്കത്ത: ബംഗാളില്‍ പ്രതിഷേധമാര്‍ച്ചിനിടെ, പൊലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടല്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഒടുവില്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നേറിയ പ്രവര്‍ത്തകര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിന് മറുപടിയെന്നോണം കല്ലുകളും കുപ്പികളുമായാണ് ബിജെപി പ്രവര്‍ത്തകര്‍ പൊലീസിനെ ചെറുത്തുനിന്നത്.സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.

സംസ്ഥാനത്ത് അടുത്തിടെ രണ്ടുബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കൊല്‍ക്കത്തയിലെ ലാല്‍ബസാറിന് മുന്‍പില്‍ വച്ച് പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും അതിന് കൂട്ടാക്കാതെ പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 നിയുക്ത എംപിമാരും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്, ബിജെപിയുടെ ബംഗാളിന്റെ ചുമതലയുളള കൈലാഷ് വിജയവര്‍ഗീയ തുടങ്ങിയവരാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. 

പൊലീസുമായുളള ഏറ്റുമുട്ടല്‍, ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുളള പുതിയ പോരിന് കളമൊരുക്കിയിരിക്കുകയാണ്. പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമാകുമെന്ന കണക്കുകൂട്ടലിന്റെ അടിസ്ഥാനത്തില്‍ ശക്തമായ പൊലീസ് ബന്തവസ്സാണ് ഏര്‍പ്പെടുത്തിയിരുന്നത്.

കഴിഞ്ഞദിവസം സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്ത് നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ ഇടപെടല്‍. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com