മദ്രസകളില്‍ പഠിച്ചവര്‍ ഗോഡ്‌സെയോ പ്രജ്ഞാസിംഗോ ആകുന്നില്ല ; വിവാദമുയര്‍ത്തി വീണ്ടും അസംഖാന്‍

നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രിക്കളായി പ്രഖ്യാപിക്കുകയാണ് ആദ്യം വേണ്ടത്
മദ്രസകളില്‍ പഠിച്ചവര്‍ ഗോഡ്‌സെയോ പ്രജ്ഞാസിംഗോ ആകുന്നില്ല ; വിവാദമുയര്‍ത്തി വീണ്ടും അസംഖാന്‍

ന്യൂഡല്‍ഹി : മദ്രസകള്‍ നാഥുറാം ഗോഡ്‌സെയെയോ പ്രജ്ഞാ സിംഗ് ഠാക്കൂറിനെയോ സൃഷ്ടിക്കുന്നില്ലെന്ന് അസംഖാന്‍ എംപി. മദ്രസ്സകളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു സമാജ് വാദി പാര്‍ട്ടി എംപി.

നാഥുറാം ഗോഡ്‌സെയുടെ ചിന്തകള്‍ പ്രചരിപ്പിക്കുന്നവരെ ജനാധിപത്യത്തിന്റെ ശത്രിക്കളായി പ്രഖ്യാപിക്കുകയാണ് ആദ്യം വേണ്ടത്. കുറ്റവാളികളെന്ന് കണ്ടെത്തിവരെ ശിക്ഷിക്കുകയാണ്, പ്രതിഫലം നല്‍കി ആദരിക്കുകയല്ല വേണ്ടതെന്നും അസംഖാന്‍ പറഞ്ഞു. മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയായ പ്രജ്ഞാസിംഗ് ഠാക്കൂറിനെ ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കി വിജയിപ്പിച്ചതിനെ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു അസംഖാന്റെ പ്രതികരണം. 

മദ്രസകള്‍ മതപഠനകേന്ദ്രങ്ങളാണ്. അതേസമയം തന്നെ ഇംഗ്ലീഷ്, ഹിന്ദി, കണക്ക് എന്നിവയും പഠിപ്പിക്കുന്നുണ്ട്. മദ്രസകളുടെ നിലവാരം ഉയര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെങ്കില്‍ നല്ല കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക, ഫര്‍ണിച്ചറുകള്‍ ലഭ്യമാക്കുക, ഉച്ചഭക്ഷണം ഏര്‍പ്പെടുത്തുക തുടങ്ങിയ അടിസ്ഥാന കാര്യങ്ങളാണ് ചെയ്യേണ്ടതെന്ന് അസംഖാന്‍ നിര്‍ദേശിച്ചു. 

മദ്രസകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള തീരുമാനത്തെ മുസ്ലിം പുരോഹിതന്മാര്‍ സ്വാഗതം ചെയ്ത് രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനത്തെ എതിര്‍ത്ത് അസംഖാന്‍ രംഗത്തെത്തിയത്. മദ്രസപഠനത്തെ രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് രാജ്യത്തിന്റെ വികസനത്തില്‍ ഒട്ടേറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com