'വായു' കനത്ത നാശം വിതച്ചേക്കും; പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു; കനത്ത ജാഗ്രത

വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വീശിയടിക്കും
'വായു' കനത്ത നാശം വിതച്ചേക്കും; പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു; കനത്ത ജാഗ്രത

ഗാന്ധിനഗര്‍; ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്ന വായു ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വരുത്തിയേക്കുമെന്ന് മുന്നറിയിപ്പ്. തുടര്‍ന്ന് ഗുജറാത്തിന്റെ തീരമേഖല അതീവ ജാഗ്രതയിലാണ്. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് കച്ച് ജില്ലയില്‍ നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചയോടെ തീരം തൊടുന്ന വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവദിയു, വേരാവല്‍, മഹുവ, ദിയു എന്നി തീരപ്രദേശങ്ങളില്‍ വീശിയടിക്കും. 

സംസ്ഥാനത്ത് 60 ലക്ഷം പേരെ വായു ചുഴലിക്കാറ്റ് ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കര നാവിക തീരസംരക്ഷണ സേനകളെ ഗുജറാത്ത് തീരത്ത് വിന്യസിച്ചു. വ്യോമസേനയുടെ സി17 വിമാനം ജമുനാനഗര്‍ മേഖലയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ആകെ 700 സൈനികരെ വിവിധ മേഖലകളില്‍ വിന്യസിച്ചു. സൈന്യത്തിന് പുറമെ ദുരന്തനിവാരണ സേനയുടെ 20 യൂണിറ്റുകളെ ഗുജറാത്തില്‍ വിന്യസിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ വൈദ്യസംഘത്തെയും സജ്ജമാക്കിയിട്ടുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി സ്ഥിതിഗതികള്‍ പ്രധാനമന്ത്രി വിലയിരുത്തി. 

കടല്‍പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാറ്റിന്റെ സഞ്ചാരപാതയിലുള്ള കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയിലാകും ചുഴലിക്കാറ്റ് വീശുകയെന്നാണ് വിലയിരുത്തുന്നത്. വൈകുന്നേരത്തോടെ കാറ്റിന്റെ വേഗം 90 കിലോമീറ്ററായി ക്രമേണ കുറഞ്ഞുതുടങ്ങും.

വായു ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. കേരളത്തിലെ 9 ജില്ലകളില്‍ പ്രഖ്യാപിച്ചിരിക്കുന്ന യെല്ലോ അലേര്‍ട്ട് തുടരും. സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ 12 സെന്റീ മീറ്റര്‍ മഴ വരെ പെയ്യാന്‍ സാധ്യതയുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ 12 സെന്റീ മീറ്ററിന് മുകളില്‍ മഴ ലഭിച്ചേക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com