വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ടോയ്‌ലെറ്റില്‍ ഭീഷണി കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും 

അഞ്ച് കോടിരൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്
വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ടോയ്‌ലെറ്റില്‍ ഭീഷണി കുറിച്ചു; വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും 

അഹമ്മദാബാദ്: വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം കുറിച്ചതിന് മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചു. മുംബൈ സ്വദേശിയായ വ്യവസായി ബ്രിജു സള്ളയ്ക്കാണ് ശിക്ഷ ലഭിച്ചത്. അഹമ്മദാബാദിലെ പ്രത്യേക എന്‍ഐഎ കോടതിയുടേതാണ് വിധി. അഞ്ച് കോടിരൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്. പിഴ സംഖ്യ വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി വീതിച്ചു നല്‍കണമെന്നാണ് എന്‍ഐഎ കോടതി ജഡ്ജി കെ.എം ദേവെയുടെ ഉത്തരവ്. 

2017 ഒക്ടോബര്‍ 30ന് സള്ള യാത്രചെയ്ത ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിന്റെ ടോയ്‌ലെറ്റിലാണ് വിമാനം തട്ടിക്കൊണ്ടുപോകുമെന്ന സന്ദേശം കുറിച്ചത്. ഇംഗ്ലീഷിലും ഉറുദുവിലും ഭീഷണി എഴുതി പതിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് ജെറ്റ് എയര്‍വെയ്‌സ് വിമാനം അന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു. സള്ള പിന്നീട് അറസ്റ്റിലായി. 

ജെറ്റ് എയര്‍വെയ്‌സ് ഡല്‍ഹി സര്‍വീസുകള്‍ നിര്‍ത്തിവെക്കുമെന്ന പ്രതീക്ഷയിലാണ് ഭീഷണി കുറിച്ചതെന്ന് ഇയാൾ പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.  ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി ഓഫീസില്‍ ജോലിചെയ്യുന്ന തന്റെ പെണ്‍ സുഹൃത്ത് മുംബൈ ഓഫീസിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു സള്ളയുടെ പ്രവർത്തി. 

വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങള്‍ തടയാന്‍ കൊണ്ടുവന്ന പുതിയ നിയമപ്രകാരം അറസ്റ്റിലാകുന്ന ആദ്യ വ്യക്തിയാണ് സളള. രാജ്യത്ത് ആദ്യമായി വിമാന യാത്രാവിലക്ക് ഏര്‍പ്പെടുത്തപ്പെട്ടതും ഇദ്ദേഹത്തിനെതിരെയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com