ജീവനെടുത്ത് ടിക്ടോക്: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം

വെടിയൊച്ച കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലുംം ഇവരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരെ ഭയപ്പെടുത്തുകയും ചെയ്തു.
ജീവനെടുത്ത് ടിക്ടോക്: വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെടിപൊട്ടി യുവാവിന് ദാരുണാന്ത്യം

മുംബൈ: ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റ് കൗമാരക്കാരന്‍ മരിച്ചു. മുംബൈയിലാണ് സംഭവം. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ സ്വദേശി പ്രതീക് വഡേക്കര്‍ എന്ന പതിനേഴുകാരനാണ് വെടിപൊട്ടി മരിച്ചത്. സംഭവസമയത്ത് മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുടുംബാംഗങ്ങളില്‍ ഒരാളുടെ മരണാനന്തര ചടങ്ങുമായി ബന്ധപ്പെട്ട് ഷിര്‍ദിയിലെത്തിയതായിരുന്നു പ്രതീകും മറ്റുള്ളവരും. ചടങ്ങുകള്‍ക്ക് ശേഷം തിരിച്ച് ഹോട്ടല്‍ മുറിയിലെത്തിയ പ്രതീകിനൊപ്പം ബന്ധുക്കളായ സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നീ യുവാക്കളും പതിനൊന്നുകാരനായ ഒരു കുട്ടിയും മറ്റൊരു യുവാവുമായിരുന്നു ഉണ്ടായിരുന്നത്. 

ഇവര്‍ക്കൊപ്പം പ്രതീക്, ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യാന്‍ വീഡിയോ ചിത്രീകരിക്കാന്‍ തീരുമാനിച്ചു. പ്രതീകിന്റെ ബന്ധുക്കളിലൊരാള്‍ കൊണ്ടുവന്ന നാടന്‍ തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു പദ്ധതി. ഇതിനിടെ പ്രതീകിന് വെടിയേല്‍ക്കുകയായിരുന്നു.  

തോക്കിന്റെ കാഞ്ചി അബദ്ധത്തില്‍ അമരുകയും പ്രതീകിന് വെടിയേല്‍ക്കുകയുമായിരുന്നു ഷിര്‍ദി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ കട്‌കേ പറഞ്ഞു. പ്രതീക് വെടിയേറ്റു വീണതോടെ മറ്റുള്ളവര്‍ മുറിക്കു പുറത്തേക്കോടി. വെടിയൊച്ച കേട്ടെത്തിയ ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലുംം ഇവരില്‍ ഒരാള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ഹോട്ടല്‍ ജീവനക്കാരെ ഭയപ്പെടുത്തുകയും ചെയ്തു. ശേഷം ഇവര്‍ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പൊലീസ് പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നു കട്‌കേ കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ തുടര്‍ന്ന് സണ്ണി പവാര്‍, നിതിന്‍ വഡേക്കര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കേസിലെ നാലാമത്തെ പ്രതി പതിനൊന്നുകാരനാണ്. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് സണ്ണിയും നിതിനും പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com