പ്രിയങ്ക വരട്ടെ, അടുത്ത ഭരണം കോണ്‍ഗ്രസിന്; സോണിയയുടെ വിരുന്നില്‍ പ്രവര്‍ത്തകരുടെ മുറവിളി

പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം പിടിക്കാനാവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

റായ്ബറേലി: പ്രിയങ്കാ ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാല്‍ ഉത്തര്‍പ്രദേശില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു ഭരണം പിടിക്കാനാവുമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍. പ്രിയങ്ക മുന്നിട്ടിറങ്ങിയാല്‍ കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്താനാവുമെന്ന് അവര്‍ പറഞ്ഞു. തെരഞ്ഞെടുപ്പു ജയത്തിനു നന്ദി അറിയിക്കാന്‍ സോണിയ ഗാന്ധി സംഘടിപ്പിച്ച വിരുന്നിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായ പ്രകടനം. പ്രിയങ്കയും വിരുന്നില്‍ പങ്കെടുത്തു.

വരുന്ന ഉപതെരഞ്ഞെടുപ്പുകളിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുപിയില്‍ പ്രിയങ്ക പാര്‍ട്ടിയെ നയിക്കണമെന്ന് മുന്‍ വാരാണസി എംപി രാജേഷ് മിശ്ര പറഞ്ഞു. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണം. ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാന്‍ അതിലൂടെ കഴിയും- മിശ്ര മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

സംഘടനാ സംവിധാനം തകര്‍ന്നതാണ് യുപിയില്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രധാന പ്രശ്‌നം. പ്രയത്‌നത്തിലൂടെ ഇതു ശരിയാക്കിയെടുക്കാവുന്നതേയൂള്ളൂ. പ്രിയങ്കാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇക്കാര്യം ഉറപ്പുനല്‍കിയിട്ടുണ്ട്. വീടുതോറും കയറിയിറങ്ങി പ്രിയങ്ക പ്രചാരണത്തെ നയിച്ചാല്‍ കോണ്‍ഗ്രസിന് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കാനാവും- രാജേഷ് മിശ്ര ആത്മവിശ്വാസം പ്രകടിപ്പിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രിയങ്ക നയിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആഗ്രഹമെന്ന് മുന്‍ എംപി രാകേഷ് സച്ചാന്‍ പറഞ്ഞു. ജനങ്ങളെ വിഘടിപ്പിച്ചു നിര്‍ത്താനാവുന്നതാണ് ബിജെപിയുടെ ജയത്തിനു കാരണം. പ്രിയങ്കയ്ക്ക് അതിനെ നേരിടാനാവും- രാകേഷ് സച്ചാന്‍ അഭിപ്രായപ്പെട്ടു. 

ബൂമു ഗസ്റ്റ് ഹൗസില്‍ സോണിയാ ഗാന്ധി സംഘടിപ്പിച്ച വിരുന്നില്‍ പ്രാദേശിക നേതാക്കളും ബൂത്ത് തല പ്രവര്‍ത്തകരുമാണ് പങ്കെടുത്തത്. റായ്ബറേലിയില്‍നിന്നു വീണ്ടും തെരഞ്ഞെടുത്തതിന് സോണിയ പ്രവര്‍ത്തകര്‍ക്കു നന്ദി പറഞ്ഞു. 

പോരാട്ടത്തിന്റെ നാളുകളാണ് മുന്നിലുള്ളതെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതിനായി തയാറെടുക്കണമെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com