ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം: തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്.
ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം: തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഐഎംഎ

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത്. തിങ്കളാഴ്ച രാജ്യവ്യാപക മെഡിക്കല്‍ ബന്ദ് ആചരിക്കാന്‍ ഐഎംഎ ആഹ്വാനം ചെയ്തു. തിങ്കളാഴ്ച രാവിലെ ആറ് മുതല്‍ ചൊവ്വാഴ്ച രാവിലെ ആറുവരെയാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ഒരുതരത്തിലുള്ള മെഡിക്കല്‍ സേവനങ്ങളും നടത്തില്ലെന്നും ഐഎംഎ അറിയിച്ചിട്ടുണ്ട്. 

'കഴിഞ്ഞ കുറച്ചുദിവസങ്ങളായി  ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണങ്ങള്‍ നടക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നു. കൊല്‍ക്കത്ത എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ നടന്ന ആക്രമണം മനുഷ്യത്വരഹിതമാണ്. ഗുരുതമായി പരിക്കേറ്റ ഡോക്ടര്‍ ജീവനുവേണ്ടി പോരാടുകയാണ്. ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന ആക്രമണത്തെ ഐഎംഎ അപലപിക്കുന്നു. മെഡിക്കല്‍ മേഖലയിലുള്ള എല്ലാവരും സമരം ചെയ്യുന്നവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കണം' എന്ന് ഐഎംഎ നേരത്തെ പുറത്തിറക്കിയ പത്രപ്രസ്തവാനയില്‍ പറഞ്ഞിരുന്നു. 

ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍ക്ക് രോഗിയുടെ ബന്ധുക്കളില്‍നിന്ന് മര്‍ദനമേല്‍ക്കേണ്ടി വന്നതിന് പിന്നാലെയാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. കൊല്‍ക്കത്ത ആര്‍ജി കാര്‍ മെഡിക്കല്‍ കൊളേജിലെ 69 ഡോക്ടര്‍മാര്‍ രാജിവെച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിനെതിരെയെടുത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. സമരം നടത്തുന്ന ഡോക്ടര്‍മാരോട് നാല് മണിക്കൂറിനുള്ളില്‍ സമരം നിര്‍ത്തിവെച്ച് ജോലിക്ക് കയറണമെന്നും അല്ലാത്ത പക്ഷം ഹോസ്റ്റലുകള്‍ ഒഴിയേണ്ടി വരുമെന്ന് മമത പറഞ്ഞിരുന്നു. പശ്ചിമ ബംഗാളിലെ ഡോക്ടര്‍മാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡല്‍ഹി എയിംസ്, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ ഒരു ദിവസത്തേക്ക് ജോലിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോടിന് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.

മതിയായ സുരക്ഷ ഉറപ്പുവരുത്താതെ തിരികെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ഇത് അവര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ അറിയിച്ചിട്ടുമുണ്ട്. അതേസമയം സമരത്തിനു പിന്നില്‍ ബിജെപിയും സിപിഎമ്മും ആണെന്നും അവര്‍ ഹിന്ദുമുസ്‌ലിം രാഷ്ട്രീയം കളിക്കുകയാണെന്നും മമത ആരോപിച്ചു. മമതയുടെ അനന്തരവനും കൊല്‍ക്കത്തയിലെ കെപിസി മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിയുമായ അബേഷ് ബാനര്‍ജിയും ഡോക്ടര്‍മാരുടെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com