ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം; ഷാങ്ഹായി ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ മോദി 

ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും കിര്‍ഗിസ്ഥാനില്‍ സംഘടിപ്പിക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ മോദി ആഹ്വാനം ചെയ്തു
ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണം; ഷാങ്ഹായി ഉച്ചകോടിയില്‍ പാക്കിസ്ഥാനെതിരെ മോദി 

ബിഷ്‌കെക്ക്: ഭീകരവാദത്തിന് സഹായം നല്‍കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരവാദ മുക്ത സമൂഹത്തിന് രാജ്യാന്തര സംഘടനകള്‍ ശ്രമിക്കണം. ഭീകരവാദത്തിനെതിരെ രാജ്യാന്തര സമ്മേളനം വിളിക്കണമെന്നും കിര്‍ഗിസ്ഥാനില്‍ സംഘടിപ്പിക്കുന്ന ഷാങ്ഹായി ഉച്ചകോടിയില്‍ മോദി ആഹ്വാനം ചെയ്തു.

ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും, ഫണ്ട് അനുവദിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ഇതിന്റെ ഉത്തരവാദികളായി കാണണമെന്ന് മോദി പറഞ്ഞു. പാക്കിസ്ഥാന്റെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പ്രസ്താവന. ഭീകരവാദത്തിനെതിരെയുളള പോരാട്ടത്തില്‍ രാജ്യങ്ങള്‍ തമ്മിലുളള സഹകരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത മോദി ഉന്നയിച്ചു.

ഭീകരവാദവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇതുവരെ ഒരു ക്രിയാത്മകമായ നടപടിയും പാക്കിസ്ഥാന്‍ സ്വീകരിച്ചിട്ടില്ലെന്ന് മോദി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപ്പെടണമെങ്കില്‍ ഭീകരവാദ മുക്തമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാനും പാക്കിസ്ഥാന് സാധിച്ചിട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി.

ഉച്ചകോടിക്കിടെ മോദി ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ്ങുമായും കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും പരസ്പരം ഭീഷണിയാകരുതെന്ന് ഷീജിന്‍പിങ്ങ് ഓര്‍മ്മിപ്പിച്ചു. ഇരുരാജ്യങ്ങളും തമ്മിലുളള വികസനപങ്കാളിത്തം മെച്ചപ്പെടുത്തുന്നതിന് സഹകരിക്കാന്‍ ചൈന സന്നദ്ധത അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com