ഞാന്‍ ജയിലിലായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?: എനിക്കും ഒരുകുടുംബമുണ്ട്, ഒരു പ്രസ്താവനയെങ്കിലും ഇറക്കൂ; സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കാഫില്‍ ഖാന്‍

ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെയും പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനേയും വിമര്‍ശിച്ച് ഡോ. കാഫില്‍ ഖാന്‍
ഞാന്‍ ജയിലിലായിരുന്നപ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു?: എനിക്കും ഒരുകുടുംബമുണ്ട്, ഒരു പ്രസ്താവനയെങ്കിലും ഇറക്കൂ; സമരം ചെയ്യുന്ന ഡോക്ടര്‍മാരോട് കാഫില്‍ ഖാന്‍

ന്യൂഡല്‍ഹി: ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെയും പിന്തുണ പ്രഖ്യാപിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനേയും വിമര്‍ശിച്ച് ഡോ. കാഫില്‍ ഖാന്‍. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ തന്നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. 

പല ഡോക്ടര്‍മാരും ഇന്ന് എന്നോട് സമരത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞത് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ എന്നെ കഴിഞ്ഞ രണ്ട് വര്‍ഷം സമരത്തിലേയ്ക്ക് എടുത്തിട്ടു എന്നാണ്- കഫീല്‍ ഖാന്‍ ട്വീറ്റ് ചെയ്തു. ഹൈക്കോടതിയുടേയും സുപ്രീം കോടതിയുടേയും ഉത്തരവുകളുണ്ടായിട്ടും തനിക്ക് തരാനുള്ള വേതനം തരുകയോ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല എന്ന് കഫീല്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. എനിക്ക് വേണ്ടിയും ഒരു പ്രസ്താവനയിറക്കൂ, ഞാനും നിങ്ങളുടെ തൊഴില്‍ ചെയ്യുന്നവനാണ്, എനിക്കും ഒരു കുടുംബമുണ്ട്- അദ്ദേഹം പറയുന്നു.ബംഗാളിലെ ഡോക്ടര്‍മാരുടെ സമരം രാഷ്ട്രീയവത്കരിക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധന്‍ ശ്രമിക്കുന്നത് എന്ന് കഫീല്‍ ഖാന്‍ ആരോപിച്ചിരുന്നു.

രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടര്‍മാരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ചു എന്ന പരാതിയിലാണ് നടപടി ആവശ്യപ്പെട്ട് കൊല്‍ക്കത്ത നീല്‍രത്തന്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. ഇതിന് പിന്തുണയുമായി 13 മെഡിക്കല്‍ കോളേജുകളിലേതടക്കം സംസ്ഥാനത്തെ ഇരുപതോളം സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സമര രംഗത്താണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഐഎംഎ, പതിനേഴിന് രാജ്യവ്യാപക പ്രതിഷേധ ദിനം ആചരിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com