മമത മുട്ടുമടക്കുന്നു; ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു, സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി

പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരുക്കുന്നതായും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി.
മമത മുട്ടുമടക്കുന്നു; ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നു, സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ എല്ലാം അംഗീകരുക്കുന്നതായും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി. ഡോക്ടര്‍മാര്‍ ആറാം ദിവസവും സമരം തുടരുന്നതിന്റെ പശ്ചാതലത്തിലാണ് ഒത്തുതീര്‍പ്പ് നടപടികളുമായി മമത രംഗത്തെത്തിയിരിക്കുന്നത്. സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

ഡോക്ടര്‍മാരുടെ ആവശ്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ജൂനിയര്‍ ഡോക്ടര്‍ക്ക് എല്ലാത്തരം മെഡിക്കല്‍ സേവനങ്ങളും നല്‍കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ പത്തിന് നടന്ന സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സമരത്തിലുള്ള എല്ലാ ഡോക്ടര്‍മാരോടും ജോലിയില്‍ പ്രവേശിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ആയിരക്കണക്കിന് ആളുകള്‍ മെഡിക്കല്‍ സേവനം ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും മമത പറഞ്ഞു. 

ഇതുവരെയും ഞങ്ങള്‍ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. പൊലീസ് നടപടി സ്വീകരിക്കില്ല. ആരോഗ്യമേഖല ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും മമത പറഞ്ഞു. 

ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിചച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. തിങ്കളാഴ്ച ദേശവ്യാപക പ്രതിഷേധം നടത്താനാണ് ഐഎംഎയുടെ തീരുമാനം. ഡോക്ടര്‍മാരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പു പറയാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. 

തിങ്കളാഴ്ച രാത്രിയാണ് കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രിയായ എന്‍ആര്‍എസില്‍ പ്രവേശിപ്പിച്ച രോഗി മരിച്ചതും തുടര്‍ന്ന് ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറായ പരിബാഹ മുഖര്‍ജിയെ ക്രൂരമായി മര്‍ദിച്ചതും. ആക്രമണത്തില്‍ പരിബാഹയുടെ തലയോടിന് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com