അവരവരുടെ ഭാഷയില്ലേ?; ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് സോണിയയുടെ ശാസന

ലോക്‌സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എംപിയെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചതായി റിപ്പോര്‍ട്ട്
അവരവരുടെ ഭാഷയില്ലേ?; ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിലിന് സോണിയയുടെ ശാസന

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നില്‍ സുരേഷ് എംപിയെ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി ശാസിച്ചതായി റിപ്പോര്‍ട്ട്. എംപിമാര്‍ക്ക് അവരവരുടെ ഭാഷയില്ലേയെന്ന് സോണിയ ചോദിച്ചു. യുപിഎ അധ്യക്ഷ അതൃപ്തി പരസ്യമാക്കിയതോടെ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള  കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരുടെ തീരുമാനം മാറ്റി. 

സത്യപ്രതിജ്ഞ കഴിഞ്ഞ് സീറ്റിലെത്തിയ കൊടിക്കുന്നിലിനോട് സോണിയ എന്തുകൊണ്ട് എംപിമാര്‍ക്ക് അവരവരുടെ ഭാഷയില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്തുകൂടാ എന്ന് ചോദിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താനും വികെ ശ്രീകണ്ഠനും ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് സൂചന. ഇതിനായി ഇവര്‍ തയ്യാറെടുപ്പും നടത്തിയിരുന്നു എന്നാണ് വിവരങ്ങള്‍. എന്നാല്‍ സോണിയയുടെ നിലപാട് കണ്ടതോടെ സത്യപ്രതിജ്ഞ ചിലര്‍ ഇംഗ്ലീഷിലേക്കും ചിലര്‍ മലയാളത്തിലേക്കും മാറ്റിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹിന്ദി നിര്‍ബന്ധമാക്കുന്നതിന് എതിരെ ഹിന്ദി ഇതര സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെകേരളത്തില്‍നിന്നുള്ള അംഗം ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത് കൈയടിയോടെയാണ് സഭ സ്വീകരിച്ചത്.എന്നാല്‍ ഇത് സോണിയ അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കു പിന്നാലെ രണ്ടാമനായാണ് കൊടിക്കുന്നില്‍ സുരേഷ് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. പതിനേഴാം ലോക്‌സഭയില്‍ ഏറ്റവും സീനിയറായ അംഗങ്ങളില്‍ ഒരാളാണ്, മാവേലിക്കരയുടെ പ്രതിനിധിയായ കൊടിക്കുന്നില്‍.

അതിനിടെ കൊടിക്കുന്നില്‍ ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തതിന് രാഷ്ട്രീയ വ്യാഖാനങ്ങളും പ്രചരിക്കുന്നുണ്ട്. സീനിയര്‍ അംഗമായ കൊടിക്കുന്നില്‍ തന്നെയായിരിക്കും ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് എന്നാണ് ഇതു നല്‍കുന്ന സൂചനയെന്ന് നേതാക്കള്‍ പറയുന്നു. സഭാ സമ്മേളനം തുടങ്ങുന്നതിനു മുന്നോടിയായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചു പങ്കെടുത്തത് കൊടിക്കുന്നില്‍ സുരേഷും ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയുമായിരുന്നു.

കൊടിക്കുന്നില്‍ സുരേഷ് സുരേഷിനു പുറമേ ശശി തരൂര്‍, മനീഷ് തിവാരി എന്നിവരുടെ പേരുകളാണ് ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷിനേതാവായി പരിഗണിക്കപ്പെടുന്നത്. കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മല്ലികാര്‍ജുന ഖാര്‍ഗെ ആയിരുന്നു കക്ഷിനേതാവ്. ഇക്കുറി ഖാര്‍ഗെ പരാജയപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com