പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നുമുതൽ ; സ്പീക്കർ തെരഞ്ഞെടുപ്പ് ബുധനാഴ്ച

പുതുതായി തെരഞ്ഞെടുക്കപ്പെട്ട അം​ഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ രണ്ടു ദിവസങ്ങളിലെ പാരിപാടികൾ
പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനം ഇന്നുമുതൽ ; സ്പീക്കർ തെരഞ്ഞെടുപ്പ് ബുധനാഴ്ച

ന്യൂഡൽഹി : പതിനേഴാം ലോക്‌സഭയുടെ ആദ്യസമ്മേളനത്തിന് ഇന്ന് തുടക്കം. അടുത്തമാസം 26 വരെയാണ് പാർലമെന്റ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട അം​ഗങ്ങളുടെ സത്യപ്രതിജ്ഞയാണ് ആദ്യ രണ്ടു ദിവസങ്ങളിലെ പാരിപാടികൾ.  മധ്യപ്രദേശിൽനിന്നുള്ള ബിജെപി അംഗം വീരേന്ദ്രകുമാർ രാവിലെ പ്രോട്ടെം സ്പീക്കറായി രാഷ്ട്രപതി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യും. 

പുതിയ സ്പീക്കറെ തെര‍ഞ്ഞെടുക്കുന്നതുവരെ അദ്ദേഹമാകും സഭ നിയന്ത്രിക്കുക. കോൺഗ്രസ് അംഗം കൊടിക്കുന്നിൽ സുരേഷ്, ബി.ജെ.ഡി. അംഗം ഭർതൃഹരി മഹ്താബ് എന്നിവരെ പ്രോട്ടെം സ്പീക്കറെ സഹായിക്കുന്നതിനായുള്ള പാനലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ലോക്സഭ സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് ബുധനാഴ്ച നടക്കും. അന്നുതന്നെ ഇരുവരും സത്യപ്രതിജ്ഞ ചെയ്യും. 

വ്യാഴാഴ്ച രാവിലെ 11-ന് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസം​ഗം നടത്തും. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയചർച്ച വെള്ളിയാഴ്ച ഇരുസഭകളിലും തുടങ്ങും. ചർച്ച പൂർത്തിയായശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും.

വിവാദമുയർത്തിയ മുത്തലാഖ് ബിൽ, പൗരത്വ ഭേദഗതി ബിൽ, ആധാർ ബിൽ, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ബിൽ എന്നിങ്ങനെ പ്രധാന ബില്ലുകളടക്കം ഒട്ടേറെ നിയമനിർമാണങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. മുത്തലാഖ് വിഷയമുൾപ്പെടെയുള്ള 10 ഓർഡിനൻസുകൾക്കു പകരം പുതിയ ബില്ലുകൾ കൊണ്ടുവരാൻ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

542 അംഗ ലോക്‌സഭയിൽ എൻ.ഡി.എ.ക്ക് 353 പേരാണുള്ളത്. തമിഴ്നാട്ടിലെ വെല്ലൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയിരിക്കുകയാണ്. ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽനിന്നു രണ്ടംഗങ്ങളെ സർക്കാർ നാമനിർദേശം ചെയ്യും. ഇതോടെ മൊത്തം അംഗസംഖ്യ 545 ആകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com