പ്രതിഷേധങ്ങളില്‍ പ്രതിരോധത്തിലായി ദീദി; ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ അധ്യാപകരും തെരുവില്‍ (വീഡിയോ)

ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പശ്ചിമ ബംാഗളില്‍ അധ്യാപകരുടെ പ്രതിഷേധം.
പ്രതിഷേധങ്ങളില്‍ പ്രതിരോധത്തിലായി ദീദി; ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ അധ്യാപകരും തെരുവില്‍ (വീഡിയോ)

കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരത്തിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി പശ്ചിമ ബംാഗളില്‍ അധ്യാപകരുടെ പ്രതിഷേധം. ശമ്പള, ആനുകൂല്യ വര്‍ദ്ധനവ് ആവശ്യപ്പെട്ട് അധ്യാപകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ഒരാഴ്ചയായി തുടരുന്ന ഡോക്ടര്‍മാര്‍ നടത്തി വരുന്ന സമരത്തിന് പരിഹാരം കാണാനായി മമത ഇന്ന് സമരനേതാക്കളുമായി ചര്‍ച്ച നടത്തുന്നുണ്ട്. ഡോക്ടര്‍മാരുടെ സമരത്തിനോട് പ്രതികരിച്ച രീതിയില്‍ മമതയ്ക്ക് എതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അധ്യാപകരും പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഇന്നലെ ചേര്‍ന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ യോഗമാണ് മമതയുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. സമരം നീട്ടിക്കൊണ്ടുപോകാന്‍ ആഗ്രഹമില്ല. അതിനാല്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംസ്ഥാനത്തെ 14 മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ പ്രതിനിധികളും, 28 മെഡിക്കല്‍ സ്റ്റുഡന്റ്‌സ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് തുറന്ന വേദിയില്‍ വെച്ചാകണം ചര്‍ച്ചയെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഡോക്ടര്‍മാരുടെ ആവശ്യം ബംഗാള്‍ സര്‍ക്കാര്‍ നിരാകരിച്ചതായാണ് സൂചന. യോഗം ലൈവായി ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ അനുവദിച്ചേക്കില്ല. ബംഗാളില്‍ ചികില്‍സയ്ക്കിടെ രോഗി മരിച്ചതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്.

നേരത്തെ ചര്‍ച്ചയ്ക്ക് മമത ബാനര്‍ജി തയ്യാറായിരുന്നെങ്കിലും ഡോക്ടര്‍മാര്‍ ക്ഷണം തള്ളി. ഇതോടെ ഇനി ചര്‍ച്ചയില്ലെന്ന് മമതയും നിലപാട് സ്വീകരിച്ചിരുന്നു. സമരത്തിലുള്ള ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ സമരം ശക്തമായതോടെ, സംസ്ഥാനത്തെ ആശുപത്രികള്‍ സ്തംഭിച്ചതോടെ നിലപാട് മയപ്പെടുത്താന്‍ മുഖ്യമന്ത്രിയും ഡോക്ടര്‍മാരും തയ്യാറാകുകയായിരുന്നു.

ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാണ് ഡോക്ടര്‍മാരുടെ പ്രധാന ആവശ്യം. ഡോക്ടര്‍മാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും ആശുപത്രികള്‍ക്കുംനേരെയുണ്ടാകുന്ന അക്രമം നേരിടാന്‍ സമഗ്രമായ കേന്ദ്രനിയമം വേണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു. ഐഎംഎയുടെ നേതൃത്വത്തില്‍ ബംഗാളില്‍ സമരം നടത്തുന്ന ഡോക്ടര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാജ്യത്തെ ഡോക്ടര്‍മാര്‍ 24 മണിക്കൂര്‍ പണിമുടക്ക് നടത്തുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com