മരണം വിതച്ച് മസ്തിഷ്‌ക ജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു

രോഗബാധയെ തുടര്‍ന്ന് 290 കുട്ടികളാണ് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു
മരണം വിതച്ച് മസ്തിഷ്‌ക ജ്വരം ; ബീഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 100 കവിഞ്ഞു

പറ്റ്‌ന : ബീഹാറില്‍ മരണം വിതച്ച് കുട്ടികളില്‍ മസ്തിഷ്‌ക ജ്വരം പടരുന്നു. ഇന്ന് ഏഴു കുട്ടികള്‍ കൂടി സംസ്ഥാനത്ത് മരിച്ചു. ഇതോടെ ബീഹാറില്‍ അക്യൂട്ട് എന്‍സഫലൈറ്റിസ് ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറ് കടന്നു. ഇന്നലെ മാത്രം മുസഫര്‍പൂരില്‍ 20 കുട്ടികളാണ് മരിച്ചത്. 

ജൂണ്‍ ആദ്യവാരമാണ് മുസഫര്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌ക ജ്വരം പടര്‍ന്നുപിടിച്ചത്. രോഗബാധയെ തുടര്‍ന്ന് 290 കുട്ടികളാണ് ജില്ലയിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ സാഹി പറഞ്ഞു. 

ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ മാത്രം 83 കുട്ടികളാണ് രോഗം ബാധിച്ച് മരിച്ചത്. നഗരത്തിലെ കെജരിവാള്‍ ഹോസ്പിറ്റലില്‍ ചികില്‍സയിലുണ്ടായിരുന്ന 17 കുട്ടികളും മരിച്ചു. ഹൈപ്പോഗ്ലൈസീമിയ (രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നുപോയത് ) ആണ് മിക്ക കുട്ടികളുടെയും മരണത്തിന് കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

സംഭവത്തില്‍ ബീഹാര്‍ സര്‍ക്കാര്‍ ദുഃഖം രേഖപ്പെടുത്തി. 
മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാലു ലക്ഷം രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചു. അതിനിടെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ മുസഫര്‍പൂരിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. രോഗം നിയന്ത്രണവിധേയമാക്കാന്‍ കേന്ദ്രം എല്ലാവിധ സഹായവും നല്‍കുമെന്നും കേന്ദ്രആരോഗ്യമന്ത്രി അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com