യോഗം ചേര്‍ന്നത് മസ്തിഷ്‌കജ്വരം നിയന്ത്രിക്കാനുള്ള ചര്‍ച്ചയ്ക്ക്: ആരോഗ്യ മന്ത്രി തിരക്കിയത് ക്രിക്കറ്റ് സ്‌കോര്‍; വീഡിയോ പുറത്ത്, വിവാദം

മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രിക്കറ്റ് സ്‌കോര്‍ അന്വേഷിച്ച് ബിഹാര്‍ ആരോഗ്യ മന്ത്രി
യോഗം ചേര്‍ന്നത് മസ്തിഷ്‌കജ്വരം നിയന്ത്രിക്കാനുള്ള ചര്‍ച്ചയ്ക്ക്: ആരോഗ്യ മന്ത്രി തിരക്കിയത് ക്രിക്കറ്റ് സ്‌കോര്‍; വീഡിയോ പുറത്ത്, വിവാദം

പട്‌ന: മുസാഫര്‍പൂരില്‍ കുട്ടികള്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന മസ്തിഷ്‌കജ്വരത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ക്രിക്കറ്റ് സ്‌കോര്‍ അന്വേഷിച്ച് ബിഹാര്‍ ആരോഗ്യ മന്ത്രി മംഗള്‍ പാണ്ഡെ. യോഗത്തിനിടെ മന്ത്രി ക്രിക്കറ്റ് സ്‌കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നു. 

മസ്തിഷ്‌കജ്വരം ബാധിച്ച്  നൂറിലധികം കുട്ടികളാണ് മുസാഫര്‍പൂരിലും സമീപ ജില്ലകളിലും മരിച്ചത്.  രോഗം നിയന്ത്രിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ ഹര്‍ഷവര്‍ധനും അശ്വിനി കുമാര്‍ ചൗബെയും പങ്കെടുത്തിരുന്നു. ഞായറാഴ്ച നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍ 'എത്ര വിക്കറ്റുകള്‍ വീണു' എന്ന് മന്ത്രി ചോദിക്കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്. കൂടെയുള്ള ഒരാള്‍ 'നാല് വിക്കറ്റുകള്‍' എന്ന് മന്ത്രിക്ക് മറുപടിയും നല്‍കുന്നുണ്ട്.

ആരോഗ്യമന്ത്രിയുടെ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. കടുത്ത വിമര്‍ശനമാണ് മന്ത്രിയുടെ നടപടിക്ക് എതിരെ ഉയര്‍ന്നിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തിയെന്ന് ആരോപിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധനും മംഗള്‍ പാണ്ഡെയ്ക്കും എതിരെ കേസ് രജിസറ്റര്‍ ചെയ്തിട്ടുണ്ട്.മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആവശ്യമായ ബോധവത്കരണം നടത്തിയില്ല എന്നാണ് കേസ്.

സാമൂഹ്യ പ്രവര്‍ത്തകനായ തമന്ന ഹഷ്മിയാണ് കേസ് നല്‍കിയത്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 24ന് കോടതി കേസ് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 328,308,504 വകുപ്പുകള്‍ക്ക് കീഴിലാണ് കേസ് നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com