ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് അമ്മയെ വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കി; സ്വത്തു തട്ടിയെടുക്കാന്‍ ശ്രമിച്ച മകനും ഭാര്യയും അറസ്റ്റില്‍

തന്നെ സമ്മര്‍ദ്ദത്തിലാക്കി സ്വത്തു തട്ടിയെടുക്കാനാണ് മകന്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് അമ്മ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത; അമ്മ ദുര്‍മന്ത്രവാദിനിയാണെന്ന് ആരോപിച്ച് വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കി മകന്റ ക്രൂരത. പശ്ചിമബംഗാളിലെ നോര്‍ത്ത് ഗോബിന്ദപൂരിലാണ് സംഭവം. ഞായറാഴ്ച രാത്രിയാണ് മകനും മകന്റെ ഭാര്യയുടെ വീട്ടുകാരും ചേര്‍ന്ന് സ്ത്രീയെ ക്രൂരമായി ഉപദ്രവിക്കുകയും വീട്ടില്‍ നിന്ന് പുറത്താക്കുകയുമായിരുന്നു. അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി സ്വത്തു തട്ടിയെടുക്കാന്‍ വേണ്ടിയാണ് ദുര്‍മന്ത്രിവാദിനിയാണെന്ന് ആരോപിച്ചത് എന്നാണ് റിപ്പോര്‍ട്ട്. 

തന്നെ സമ്മര്‍ദ്ദത്തിലാക്കി സ്വത്തു തട്ടിയെടുക്കാനാണ് മകന്‍ ഇങ്ങനെ ചെയ്യുന്നത് എന്നാണ് അമ്മ പറയുന്നത്. ഇത് മാത്രമല്ല, മകനും ഭാര്യയും കൂടി ഇവരെ ദിവസങ്ങളോളും പട്ടിണിക്കിട്ടിരുന്നെന്നും ദിവസവും സ്വത്ത് ആവശ്യപ്പെട്ട് ഉപദ്രവിക്കുമായിരുന്നെന്നുമാണ് ബംഗാളി പത്രം റിപ്പോര്‍ട്ട് ചെയ്തത്. വീടിന് അടുത്തുള്ള പ്രദേശത്ത് ലോക്കല്‍ അഡ്മിനിസ്‌ട്രേറ്ററായി ജോലി നോക്കുകയാണ് അമ്മ. ഞായറാഴ്ച വീട്ടിലേക്ക് തിരികെ എത്തിയപ്പോള്‍ മകന്റെ ഭാര്യയുടെ കുടുംബവും അവിടെയുണ്ടായിരുന്നു. മകനും മകന്റെ ഭാര്യ വീട്ടുകാരും ചേര്‍ന്നാണ് ദുര്‍മന്ത്രവാദിനിയെന്ന് ആരോപിച്ച് വീട്ടില്‍ നിന്ന് അടിച്ച് പുറത്താക്കിയത്. അയല്‍വാസികളാണ് ഇവരെ സംരക്ഷിച്ചത്. സ്വത്ത് മകന് കൊടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് തന്നെ അവര്‍ ഉപദ്രവിക്കുന്നത് എന്നും അവര്‍ പറഞ്ഞു. കൂടാതെ ഇനി സ്വത്ത് അവര്‍ക്ക് നല്‍കില്ലെന്നും കൂട്ടിച്ചേര്‍ത്തു. 

മകന്റെ വിവാഹം കഴിഞ്ഞതിന് ശേഷമാണ് തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയത് എന്നാണ് ഇവര്‍ പറയുന്നത്. മരപ്പണിക്കാരനായ മകന്‍ സ്വത്തു വില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും അതിന് തടസം നില്‍ക്കുന്നതിനാലാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. പരാതിയെ തുടര്‍ന്ന് മകനേയും ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അമ്മയെ പുറത്താക്കിയില്ലെന്നും സ്വയം ഇറങ്ങി പോയതാണ് എന്നുമാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com