നയപ്രഖ്യാപനത്തിനിടെ മൊബൈലില്‍ കുത്തി രാഹുല്‍, ശകാരിച്ച് സോണിയ; വിമര്‍ശനം ( വീഡിയോ) 

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ ചെലവഴിച്ചത് വിവാദമാകുന്നു
നയപ്രഖ്യാപനത്തിനിടെ മൊബൈലില്‍ കുത്തി രാഹുല്‍, ശകാരിച്ച് സോണിയ; വിമര്‍ശനം ( വീഡിയോ) 

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ ചെലവഴിച്ചത് വിവാദമാകുന്നു. ഒരു മണിക്കൂര്‍ നീണ്ട പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ പ്രസംഗത്തിനിടെ രാഹുല്‍ ഗാന്ധി മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ 15 മിനിറ്റിലധികം സമയമാണ് രാഹുല്‍ ഗാന്ധി മൊബൈല്‍ ബ്രൗസിങ്ങിനും മറ്റുമായി ചെലവഴിച്ചത്. എന്നാല്‍ ആവശ്യമുളള കാര്യങ്ങളില്‍ അദ്ദേഹം ശ്രദ്ധപതിപ്പിച്ചിരുന്നതായി കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഒരു തരത്തിലുളള അനാദരവും രാഹുല്‍ ഗാന്ധി കാണിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് വിശദീകരിച്ചു.

മൃഗീയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലേറിയ മോദി സര്‍ക്കാരിന്റെ വികസനകാഴ്ചപ്പാട് വ്യക്തമാക്കുന്നതാണ് പ്രസിഡന്റിന്റെ നയപ്രഖ്യാപന പ്രസംഗം. ഗൗരവപ്പെട്ട ഈ വിഷയത്തില്‍ പൂര്‍ണമായി ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിന് പകരം രാഹുല്‍ മറ്റു കാര്യങ്ങളില്‍ സമയം ചെലവഴിച്ചതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഇതിന് പുറമേ രാഷ്ട്രപതിയെ അഭിനന്ദിക്കുന്നതില്‍ നിന്ന് യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയെ തടയുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. 

നയപ്രഖ്യാപന പ്രസംഗം ശ്രദ്ധിക്കാതെ, മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സോണിയ ഗാന്ധി അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഫോണ്‍ താഴെവെയ്ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് സോണിയ ഇടപെട്ടതായാണ് വിവരം.

ഭീകരവാദത്തിന് എതിരെ ഇന്ത്യ സ്വീകരിച്ച നടപടികളെ കുറിച്ച് രാംനാഥ് കോവിന്ദ് പറയുന്ന സമയത്ത് സഭ ഒന്നടങ്കം കയ്യടിച്ച് അഭിനന്ദിക്കുകയായിരുന്നു. ഈ സമയത്ത്  ഡെസ്‌ക്കില്‍ തട്ടി അഭിനന്ദിക്കുന്നതില്‍ നിന്നും സോണിയ ഗാന്ധിയെ രാഹുല്‍ തടയുന്നത് വിമര്‍ശനവിധേയമായിട്ടുണ്ട്. അതേസമയം നയപ്രഖ്യാപനത്തില്‍ പൂര്‍ണപങ്കാളിത്തം ഉറപ്പാക്കുന്നതാണ് സോണിയയുടെ പെരുമാറ്റം. രാഹുല്‍ ഗാന്ധിയുടെ പെരുമാറ്റം ലജ്ജാകരം എന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുയരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com