ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യ കെട്ടിപ്പടുക്കും: രാഷ്ട്രപതി

പ്രസംഗത്തിനിടെ രാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ഉദ്ധരിച്ചു
നയപ്രഖ്യാപന പ്രസംഗത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിലേക്ക് എത്തുന്നു- പിടിഐ
നയപ്രഖ്യാപന പ്രസംഗത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിലേക്ക് എത്തുന്നു- പിടിഐ

ന്യൂഡല്‍ഹി: ശ്രീനാരായണ ഗുരുവിന്റെ ആശയത്തിലൂടെ പുതിയ ഇന്ത്യയെ കെട്ടിപ്പടുക്കുമെന്ന് രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയപ്രഖ്യാപനം. രബീന്ദ്രനാഥ ടാഗോറിന്റെ ആശയങ്ങള്‍ മുറുകെപ്പിടിച്ച് പുതിയ ഇന്ത്യയെ നിര്‍മിക്കുമെന്നും, പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.  പ്രസംഗത്തിനിടെ രാഷ്ട്രപതി ശ്രീനാരായണ ഗുരുവിന്റെ ജാതിഭേദം മതദ്വേഷം എന്ന ശ്ലോകം ഉദ്ധരിച്ചു. 

വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുന്നതിനുള്ള ജനവിധിയാണ്  തെരഞ്ഞെടുപ്പില്‍ ഉണ്ടായതെന്ന് രാഷ്ട്രപതി പറഞ്ഞു.
61 കോടിയിലധികം ജനങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗപ്പെടുത്തി. സര്‍ക്കാരിന് കൃത്യമായ ഭൂരിപക്ഷമാണ് ജനങ്ങള്‍ നല്‍കിയത്- രാഷ്ട്രപതി പറഞ്ഞു.
 
എല്ലാവര്‍ക്കുമൊപ്പം, എല്ലാവര്‍ക്കും വികസനം എന്ന ആശയമാണ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. എല്ലാവരെയും ഒന്നായി കാണുകയാണ് സര്‍ക്കാരിന്റെ നയമെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

13,000 കോടിയുടെ കാര്‍ഷിക ക്ഷേമ പദ്ധതികള്‍ക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു. 2022 നകം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ജലക്ഷാമമാണ്. അതിനെ നേരിടുകയെന്ന ലക്ഷ്യത്തോടെയാണ് ജല്‍ശക്തി വകുപ്പ് രൂപീകരിച്ചത്. വരും തലമുറകള്‍ക്കായി ജലം സംരക്ഷിക്കേണ്ടതുണ്ട്.

ലോകത്തിലേറ്റവും കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ ഉള്ള രാജ്യം ഇന്ന് ഇന്ത്യയാണെന്ന് രാഷ്ട്രപതി ചൂണ്ടിക്കാട്ടി. പാവപ്പെട്ടവര്‍ക്ക് വീടും ആരോഗ്യ സുരക്ഷാ പദ്ധതിയും നല്‍കി. പാവപ്പെട്ടവരെ ശാക്തീകരിച്ചാല്‍ മാത്രമേ ദാരിദ്ര്യത്തെ ഇല്ലാതാക്കാനാകു.
26 ലക്ഷം പാവപ്പെട്ട രോഗികള്‍ക്ക് ആയുഷ്മാന്‍ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 2022 ആകുമ്പോഴേക്കും 1.5 കോടി ആരോഗ്യകേന്ദ്രങ്ങള്‍ കൂടി സജ്ജമാകും. 

സ്ത്രീകേന്ദ്രീകൃതമായ വികസനത്തിനായി സര്‍ക്കാര്‍ ശ്രമിക്കും. സ്ത്രീകള്‍ക്ക് തുല്യാവകാശം ഉറപ്പുവരുത്തുന്നതിന് മുത്തലാഖും നിക്കാഹ് ഹലാലയും ഒഴിവാക്കപ്പെടേണ്ടതാണെന്ന് രാഷ്ട്രപതി പറഞ്ഞു. 

2024 ല്‍ ഇന്ത്യയെ അഞ്ചുലക്ഷം കോടി വലിപ്പമുള്ള സാമ്പത്തിക ശക്തിയാക്കി മാറ്റുകയാണ് ലക്ഷ്യം. 2024 ആകുമ്പോഴേക്കും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ 50 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിക്കും.
പുതിയ വ്യവസായ നയം ഉടന്‍ പ്രഖ്യാപിക്കും. 

അഴിമതിക്കെതിരെ കടുത്ത നടപടികളുണ്ടാകും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ പരിഷ്‌കരണങ്ങള്‍ ഉണ്ടാകും. ജിഎസ്ടിയെ കൂടുതല്‍ ലളിതമാക്കുമെന്നും രാഷ്ട്രപതി പ്രഖ്യാപിച്ചു. 

ഭീകരവാദ വിഷയത്തില്‍ ലോകരാജ്യങ്ങള്‍ ഇന്ന് ഇന്ത്യയ്‌ക്കൊപ്പമാണ്. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇതിനുള്ള തെളിവാണ്. ദേശസുരക്ഷയാണ് സര്‍ക്കാര്‍ ന്റെ പ്രരമമായ പ്രാധാന്യം നല്‍കുന്നത്. ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിന്നലാക്രമണവും വ്യോമാക്രമണവും ഇന്ത്യയുടെ ഉദ്ദേശം വ്യക്തമാക്കുന്നു- രാഷ്ട്രപതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com