മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ; തൊഴിലുറപ്പ്, സര്‍ഫാസി നിയമഭേദഗതി അടക്കം സുപ്രധാന ബില്ലുകളും ലോക്‌സഭയില്‍

17 ആം ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ കൂടിയാണ് മുത്തലാഖ് ബില്‍
മുത്തലാഖ് ബില്‍ ഇന്ന് പാര്‍ലമെന്റില്‍ ; തൊഴിലുറപ്പ്, സര്‍ഫാസി നിയമഭേദഗതി അടക്കം സുപ്രധാന ബില്ലുകളും ലോക്‌സഭയില്‍

ന്യൂഡല്‍ഹി : മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ ഇന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിക്കും. നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇന്ന് അവതരിപ്പിക്കുക. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്‍ കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചിരുന്നു. 

കഴിഞ്ഞ ഡിസംബറില്‍ മുത്തലാഖ് ബില്ല് ലോക്‌സഭ പാസാക്കിയിരുന്നു. എന്നാല്‍ രാജ്യസഭയില്‍ ബില്‍ പാസാക്കാനായില്ല. 17 ആം ലോക്‌സഭയില്‍ രണ്ടാം മോദി സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ആദ്യത്തെ ബില്‍ കൂടിയാണ് മുത്തലാഖ് ബില്‍. പ്രതിപക്ഷം യോജിച്ച് എതിര്‍ത്താല്‍ രാജ്യസഭയില്‍ മുത്തലാഖ് ബില്‍ പാസാക്കുക ഇപ്പോഴും സര്‍ക്കാരിന് വെല്ലുവിളിയാണ്. 

ഇത് കൂടാതെ തൊഴിലുറപ്പ്, ഇഎസ്‌ഐ, സര്‍ഫാസി നിയമ ഭേദഗതി ബില്ലുകള്‍ക്കും ഇന്ന് ലോക്‌സഭയില്‍ അവതരണാനുമതി നല്‍കിയിട്ടുണ്ട്. 
കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100 ല്‍ നിന്ന് 200 ആയി കൂട്ടുക, ദിവസ വേതനം കുറഞ്ഞത് 800 രൂപയാക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഭേദഗതികള്‍. 

കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പടെ വിവിധ മേഖലകളില്‍ അവശത അനുഭവിക്കുന്ന തൊഴിലാളികള്‍, അസംഘടിത മേഖല തൊഴിലാളികള്‍ എന്നിവര്‍ക്ക് ഇഎസ്‌ഐ ആനുകൂല്യം നല്‍കണമെന്നതാണ് ഇഎസ്‌ഐയുമായി ബന്ധപ്പെട്ട ഭേദഗതി ബില്‍. സര്‍ഫാസി നിയമക്കുരുക്കില്‍ നിന്ന് അര്‍ബുദ, വൃക്ക രോഗികളെ ഒഴിവാക്കുക, താമസിക്കുന്ന വീടും സ്ഥലവും നിയമപരിധിയില്‍ നിന്ന് ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സര്‍ഫാസി നിയമ ഭേദഗതി ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com