രാജ്യസഭയിലും ബിജെപിയുടെ സര്‍വാധിപത്യത്തിന് ഇനി 'പതിനെട്ടു പടിയകലം'; ഉപരിസഭ പിടിക്കാന്‍ നാളുകള്‍ എണ്ണി മോദി സര്‍ക്കാര്‍ 

പൗരത്വ ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം അനിവാര്യമാണ്
രാജ്യസഭയിലും ബിജെപിയുടെ സര്‍വാധിപത്യത്തിന് ഇനി 'പതിനെട്ടു പടിയകലം'; ഉപരിസഭ പിടിക്കാന്‍ നാളുകള്‍ എണ്ണി മോദി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: നാലു ടിഡിപി എംപിമാര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് അംഗീകരിച്ചതോടെ, രാജ്യസഭയില്‍ എന്‍ഡിഎയുടെ ഭൂരിപക്ഷം ഇനി 18 സീറ്റുകള്‍ മാത്രം അകലെ. ടിഡിപി എംപിമാരെ ബിജെപിയുടെ എംപിമാരായി അംഗീകരിച്ചതായി രാജ്യസഭ ചെയര്‍മാന്റെ ഓഫീസ് അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. ഇതോടെ രാജ്യസഭയില്‍ ഭൂരിപക്ഷം എന്ന കടമ്പ മറികടക്കാന്‍ ഒരു ചുവടുകൂടി എന്‍ഡിഎ മുന്നേറി എന്നത് വ്യക്തം.

പൗരത്വ ബില്‍ ഉള്‍പ്പെടെ സുപ്രധാന ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷം അനിവാര്യമാണ്. ഒന്നാം മോദി സര്‍ക്കാരില്‍ ബിജെപിക്ക് തടസ്സമായി നിന്നത് ഇതാണ്. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വര്‍ഷത്തില്‍ ഈ കടമ്പ മറികടക്കാന്‍ സാധിക്കുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. ഇതിനിടെ അപ്രതീക്ഷിതമായി നാലു ടിഡിപി എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നത് നേതൃത്വത്തിന് കൂടുതല്‍ ആശ്വാസം പകരുന്നുണ്ട്.


നിലവില്‍ ടിഡിപിയുടെ നാല് എംപിമാര്‍ ഉള്‍പ്പെടെ 106 അംഗങ്ങളാണ് എന്‍ഡിഎയ്ക്ക്് രാജ്യസഭയിലുളളത്. 245 അംഗ രാജ്യസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ എന്‍ഡിഎയ്ക്ക് ഇനി 18 എംപിമാര്‍ മാത്രം മതി. മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് അടങ്ങുന്ന യുപിഎയ്ക്ക് 66 അംഗങ്ങളാണ് സഭയിലുളളത്. ഇതര പാര്‍ട്ടികള്‍ക്ക് ഒന്നടങ്കം 66 എംപിമാരുണ്ട്.

നവംബറില്‍ രാജ്യസഭയില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒഴിവുവരുന്ന 10 സീറ്റുകളും സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രത്യാശയിലാണ് ബിജെപി. ഇതിന് പുറമേ അടുത്ത വര്‍ഷം അവസാനത്തോടെ രാജ്യസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, അസാം, രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ജയിച്ചുകയറാന്‍ കഴിയുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ഭൂരിപക്ഷം എന്ന വെല്ലുവിളി ഒഴിവാകുന്ന ഈ ദിവസങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ബിജെപി നേതൃത്വം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com