'സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനില്‍'; ദേശീയഗാനം മാറ്റണമെന്ന് കോണ്‍ഗ്രസ് എംപി

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 21st June 2019 10:46 PM  |  

Last Updated: 21st June 2019 10:46 PM  |   A+A-   |  

 

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി. ഇന്ത്യയുടെ വടക്കുകിഴക്കിനെ കൂടി ഉള്‍പ്പെടുത്തണമെന്നും സിന്ധ് എന്നത് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് അസമില്‍നിന്നുള്ള എംപി റിപുന്‍ ബോറയാണ് രാജ്യസഭയില്‍ സ്വകാര്യബില്‍ അവതരിപ്പിച്ചത്. 

ഇതേ ആവശ്യമുന്നയിച്ച് 2016ലും ബോറ സ്വകാര്യ ബില്‍ കൊണ്ടുവന്നിരുന്നു. വടക്കുകിഴക്ക് ഇന്ത്യയുടെ പ്രധാന ഭാഗമാണെന്നും എന്നാല്‍, ദേശീയഗാനത്തില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.വടക്കുകിഴക്കിനെ പരാമര്‍ശിക്കുന്നില്ലെങ്കിലും സിന്ധ് ഇപ്പോഴും ദേശീയഗാനത്തിലുണ്ട്. സിന്ധ് ഇപ്പോള്‍ പാകിസ്ഥാനിലാണെന്നും ശത്രുരാജ്യത്തെ പ്രദേശത്തെ എന്തിനാണ് ഇപ്പോഴും മഹത്വവത്കരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. 

കേന്ദ്രമന്ത്രിയായിരുന്ന അരവിന്ദ് സാവന്തും ദേശീയഗാനത്തില്‍നിന്ന് സിന്ധ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് 2016ല്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, സിന്ധ് എന്നത് ഒരു പ്രദേശത്തെയല്ല പ്രതിനിധീകരിക്കുന്നതെന്നും സിന്ധുനദീതട സംസ്‌കാരത്തെയുമാണെന്നാണ് സിന്ധികളുടെ വാദം.