'സെല്‍ഫി ഡിലീറ്റ് ചെയ്തത് അവളുടെ കരച്ചില്‍ എനിക്ക് താങ്ങാന്‍ വയ്യാത്തതുകൊണ്ട്'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി 

ചിത്രത്തിന്റെ പേരില്‍ ക്ലാസില്‍ മകളെ ഒരു വിഡ്ഢി കളിയാക്കിയെന്നും മകള്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് ഫോട്ടോ കളഞ്ഞതെന്നുമാണ് സ്മൃതി ഇറാനി കുറിച്ചത്
'സെല്‍ഫി ഡിലീറ്റ് ചെയ്തത് അവളുടെ കരച്ചില്‍ എനിക്ക് താങ്ങാന്‍ വയ്യാത്തതുകൊണ്ട്'; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി സ്മൃതി ഇറാനി 

ന്യൂഡല്‍ഹി; കഴിഞ്ഞ ദിവസമാണ് മകളുടെ  സെല്‍ഫി സ്മൃതി ഇറാനി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. ഇപ്പോള്‍ ചിത്രം ഡിലീറ്റ് ചെയ്യാനുണ്ടായ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സ്മൃതി ഇറാനി. ചിത്രത്തിന്റെ പേരില്‍ മകള്‍ക്ക് നേരിടേണ്ടിവന്ന അപമാനത്തെ തുടര്‍ന്നാണ് താന്‍ പോസ്റ്റ് പിന്‍വലിച്ചത് എന്നാണ് കേന്ദ്രമന്ത്രി പറയുന്നത്. ചിത്രത്തിന്റെ പേരില്‍ ക്ലാസില്‍ മകളെ ഒരു വിഡ്ഢി കളിയാക്കിയെന്നും മകള്‍ കരഞ്ഞു പറഞ്ഞതിനെ തുടര്‍ന്നാണ് ഫോട്ടോ കളഞ്ഞതെന്നുമാണ് സ്മൃതി ഇറാനി കുറിച്ചത്. മകളുടെ ചിത്രം വീണ്ടും പോസ്റ്റ് ചെയ്തുകൊണ്ടാണ് സ്മൃതി ശക്തമായ കുറിപ്പ് പങ്കുവെച്ചത്. 

മകളുടെ സെല്‍ഫി ഞാന്‍ ഡിലീറ്റ് ചെയ്തതിന് കാരണം അവളെ ഒരു വിഡ്ഢി ക്ലാസില്‍ വെച്ച് കളിയാക്കിയതുകൊണ്ടാണ്. അവളുടെ ലുക്കിനെ കളിയാക്കുകയും അമ്മയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ അവളെക്കുറിച്ച് ക്ലാസിലെ അവന്റെ സുഹൃത്തുക്കളോട് പറഞ്ഞ് നാണം കെടുത്തുകയും ചെയ്തു.' സ്മൃതി ഇറാനി കുറിച്ചു. മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് താന്‍ ഫോട്ടോ ഡിലീറ്റ് ചെയ്തത്. തനിക്ക് അവളുടെ കരച്ചില്‍ കണ്ടുനില്‍ക്കാനായില്ല എന്നും മന്ത്രികുറിച്ചു. 

എന്നാല്‍ ഫോട്ടോ ഡിലീറ്റ് ചെയ്യുന്നതിലൂടെ തെറ്റായ വ്യക്തിയെ ശക്തിപ്പെടുത്തുകയാണ് താന്‍ ചെയ്തത്. ഇതിലൂടെ കളിയാക്കലിനെ പിന്തുണക്കുകയാണ് ചെയ്തത്. ഇതിനാലാണ് മകളുടെ ചിത്രം വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ഇന്‍സ്റ്റഗ്രാമില്‍ സ്മൃതി ഇറാനി കുറിച്ചു. മകളുടെ സഹപാഠിയോട് മകള്‍ ആരാണെന്ന് പറഞ്ഞുകൊടുക്കാനും സ്മൃതി മറന്നില്ല. എന്റെ മകള്‍ മികച്ച സ്‌പോര്‍ട്‌സ് താരമാണ്. ലിംക ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. 2 ദാന്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയിട്ടുണ്ട്. ലോക ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് പ്രാവശ്യം വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. സ്‌നേഹമുള്ള മകളും അതിസുന്ദരിയുമാണ്. നിങ്ങള്‍ക്ക് അവളെ കളിയാക്കാം. പക്ഷേ അവള്‍ തിരിച്ചടിക്കും. അവള്‍ സോയിഷ് ഇറാനിയാണ്. അവളുടെ അമ്മയാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ' സ്മൃതി കുറിച്ചു. 

സ്മൃതി ഇറാനിയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇത്തരക്കാരുടെ ഭീഷണി കേട്ട് ഭയപ്പെടുകയല്ല മറുപടി നല്‍കുകയാണ് വേണ്ടത് എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നത്. ടെക്‌സ്റ്റൈല്‍സ്, വനിത്- ശിശു ക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ് സ്മൃതി ഇറാനി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com