നാവികസേനയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധകപ്പലില്‍ വന്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു

മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു
നാവികസേനയുടെ നിര്‍മ്മാണത്തിലിരിക്കുന്ന യുദ്ധകപ്പലില്‍ വന്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു

മുംബൈ:  ഇന്ത്യന്‍ നാവികസേനയുടെ നിര്‍മാണത്തിലിരിക്കുന്ന യുദ്ധക്കപ്പലില്‍ വന്‍ തീപ്പിടിത്തം. മഹാരാഷ്ട്രയിലെ മാസഗോണ്‍ ഡോക്‌യാഡില്‍ നിര്‍മാണം പുരോഗമിക്കുന്ന വിശാഖപട്ടണം എന്ന കപ്പലിലാണ് തീപ്പിടുത്തം ഉണ്ടായത്. ഒരാള്‍ മരിച്ചു. ഒരാള്‍ക്കു പരുക്കേറ്റിട്ടുണ്ട്, ഇതു ഗുരുതരമല്ല. വെള്ളിയാഴ്ച വൈകിട്ട് അഞ്ചേ മുക്കാലോടെയായിരുന്നു സംഭവം. കപ്പലിലെ എയര്‍കണ്ടിഷന്‍ സംവിധാനത്തോടു ചേര്‍ന്നാണു തീപിടിത്തമുണ്ടായതെന്നാണു സൂചന. രാത്രിയോടെ 9.45ഓടെ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. കരാര്‍ ജീവനക്കാരനായ ബജേന്ദ്ര കുമാര്‍(23) ആണു മരിച്ചത്. പൊള്ളലേറ്റും ശ്വാസംമുട്ടിയുമാണ് മരണം.

കപ്പലിന്റെ 12704 യാര്‍ഡിലെ കപ്പലിന്റെ സെക്കന്റ് ഡെക്കിലാണ് തീപിടിച്ചത്. എന്നാല്‍ രണ്ടും മൂന്നും ഡെക്കുകളിലേക്ക് തീപടരുന്നത് വൈകിട്ട് ഏഴോടെ തടയാന്‍ സാധിച്ചു. തീയണയ്ക്കുന്നതിന് അഗ്‌നിരക്ഷാ സേനയുടെ എട്ട് യൂണിറ്റ് എത്തി. 'ചെറിയ' തീപിടിത്തമാണ് ഉണ്ടായതെന്നു മസ്ഗാവ് ഡോക്ക് ഷിപ്ബില്‍ഡേഴ്‌സ് (എംഡിഎസ്എല്‍) വക്താവ് പറഞ്ഞു.

മിസൈല്‍ ഡിസ്‌ട്രോയറായ സ്‌റ്റെല്‍ത്ത് ഗൈഡഡ് കപ്പലാണ് ഐഎന്‍എസ് വിശാഖപട്ടണം. ഇത്തരത്തിലുള്ള നാലു കപ്പലുകളാണ് എംഡിഎസ്എല്ലിനു കീഴില്‍ നിര്‍മിക്കുന്നത്. 29,340 കോടി രൂപയുടേതാണു പ്രോജക്ട് 15–ബി എന്ന പേരിലുള്ള കപ്പല്‍ നിര്‍മാണ കരാര്‍. പതിനെട്ടാം നൂറ്റാണ്ട് മുതല്‍ ഉപയോഗത്തിലുള്ളതാണ് മസ്ഗാവ് ഡോക്ക്. ഇവിടെയാണ് ഇന്ത്യന്‍ നാവികസേനയുടെ സ്‌കോര്‍പ്പീന്‍ മുങ്ങിക്കപ്പലുകളും നിര്‍മിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com