ബിജെപി സംഘം ബംഗാളില്‍; നാട്ടുകാരെ ലാത്തിവീശി ഓടിച്ച് പൊലീസ് (വീഡിയോ)

പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ബിജെപി പ്രതിനിധി സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ, പ്രദേശവാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി
ബിജെപി സംഘം ബംഗാളില്‍; നാട്ടുകാരെ ലാത്തിവീശി ഓടിച്ച് പൊലീസ് (വീഡിയോ)

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനായി ബിജെപി പ്രതിനിധി സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെ, പ്രദേശവാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കൊല്‍ക്കത്തയ്ക്ക് സമീപമുളള ബട്പാരയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുന്‍പ് കൊല്‍ക്കത്തയ്ക്ക് സമീപമുളള ബട്പാരയില്‍ ഇരുവിഭാഗം തമ്മിലുളള ഏറ്റുമുട്ടലില്‍ രണ്ടുപേര്‍ വെടിയേറ്റ് മരിക്കുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി നടക്കുന്ന അക്രമസംഭവങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ക്രമസമാധാനനില വഷളായതായി ആക്ഷേപം ശക്തമാണ്. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന ബിജെപി നേതാവ് എസ്എസ് അലുവാലിയയുടെ നേതൃത്വത്തിലുളള മൂന്നംഗ സംഘം സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നതിനിടെയാണ് സംഘര്‍ഷം.

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബട്പാരയില്‍ ബിജെപി പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രദേശവാസികളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയത്. രണ്ടുപേര്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി വന്ന പ്രദേശവാസികള്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയായിരുന്നു. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച പ്രതിഷേധക്കാര്‍ക്ക് നേരെയായിരുന്നു പൊലീസ് നടപടി.

ബട്പരയില്‍ അരങ്ങേറിയ അക്രമസംഭവങ്ങളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശങ്ക രേഖപ്പെടുത്തിയതായി അലുവാലിയ പറഞ്ഞു. സംഘര്‍ഷത്തില്‍ ഇരകളാക്കപ്പെട്ടവരുമായി ആശയവിനിമയം നടത്തി റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ അക്രമസംഭവങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസാണ് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com