രാഹുലിന്റെ മനസില്‍ കെസി വേണുഗോപാല്‍? അധ്യക്ഷ സ്ഥാനത്തേക്ക് ആര്? ചര്‍ച്ചകള്‍ സജീവം

താത്കാലികമായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനും സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനം കൊണ്ടുവരാനുമാണ് നീക്കം
രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം/പിടിഐ
രാഹുല്‍ ഗാന്ധി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനൊപ്പം/പിടിഐ

ന്യൂഡല്‍ഹി: എഐസിസി അധ്യക്ഷ സ്ഥാനമൊഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു വ്യക്തമാക്കിയതോടെ ഭാവി നടപടികള്‍ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ സജീവമായി. താത്കാലികമായി വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കാനും സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനം കൊണ്ടുവരാനുമാണ് നീക്കം. അതേസമയം ദക്ഷിണേന്ത്യയില്‍നിന്ന് ഒരാള്‍ അധ്യക്ഷസ്ഥാനത്ത് എത്തണമെന്ന നിര്‍ദേശം രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ചെന്ന് നേതാക്കള്‍ പറയുന്നു. ഇതോടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ അധ്യക്ഷപദത്തില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

അധ്യക്ഷ പദത്തില്‍ തുടരില്ലെന്ന് കഴിഞ്ഞ ദിവസം പരസ്യമായിത്തന്നെ രാഹുല്‍ വ്യക്തമാക്കുകയായിരുന്നു. പിന്‍ഗാമി ആരെന്നു പാര്‍ട്ടി തീരുമാനിക്കുമെന്നും അതില്‍ ഇടപെടില്ലെന്നുമാണ് രാഹുല്‍ വാര്‍ത്താ ലേഖകരോടു പറഞ്ഞത്. എന്നാല്‍ തെക്കേ ഇന്ത്യയില്‍നിന്ന് ഒരാള്‍ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ എത്തണമെന്ന താത്പര്യം രാഹുല്‍ പങ്കു വച്ചതായി ചില മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. ലോക്‌സഭയില്‍ കക്ഷി നേതാവായി ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരിയെയാണ് നിയോഗിച്ചത്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടി അധ്യക്ഷ പദത്തില്‍ തെക്കേ ഇന്ത്യയില്‍നിന്ന ഒരാള്‍ എത്തണമെന്ന താത്പര്യമാണ് രാഹുലിന് ഉള്ളതെന്ന് നേതാക്കള്‍ പറയുന്നു.

ഇതോടെ കെസി വേണുഗോപാല്‍ കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി. നേരത്തെ മുതിര്‍ന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണിയെയും ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെയും കണ്ട് അധ്യക്ഷപദം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുവരും ഇത് നിരസിക്കുകയായിരുന്നു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആന്റണി അധ്യക്ഷ പദം നിരസിച്ചത്. രാഹുല്‍ ഗാന്ധി തുടരും എന്ന പ്രതീക്ഷയിലാണ് കെസി വേണുഗോപാല്‍ മുതിര്‍ന്ന നേതാക്കലുടെ ആവശ്യം തള്ളിയതെന്നാണ് സൂചന. രാഹുല്‍ തുടരില്ലെന്നു വ്യക്തമാക്കിയതോടെ ഇതേ നേതാക്കള്‍ വീണ്ടും അദ്ദേഹത്തെ സമീപിച്ചേക്കും. പിന്‍ഗാമിയായി രാഹുലിന്റെ മനസില്‍ കെസി വേണുഗോപാല്‍ ആണോ ഉള്ളതെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നുണ്ട്.

അശോക് ഗെലോട്ടിന്റെ പേരാണ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്കു പരിഗണിക്കുന്നതെന്ന് ചില നേതാക്കള്‍ പറഞ്ഞു. എന്നാല്‍ രാജസ്ഥാനില്‍ പാര്‍ട്ടിക്കു നേരിട്ട കടുത്ത തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അദ്ദേഹം സ്ഥാനം ഏറ്റടെുക്കാനിടയില്ലെന്നാണ് അവര്‍ പറയുന്നത്. ഗെലോട്ട് ഉള്‍പ്പെടെയുള്ള നേതാക്കളാണ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ആന്റണിയെയും വേണുഗോപാലിനെയും കണ്ടതെന്നും ഈ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ക്കിങ് പ്രസിഡന്റിനെ നിയമിക്കുകയും സുപ്രധാനമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കൊളീജിയം മോഡല്‍ സംവിധാനം സ്ഥാപിക്കുകയുമാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. എകെ ആന്റണി, അശോക് ഗെലോട്ട്, മനീഷ് തിവാരി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം ഈ സമിതിയില്‍ അംഗങ്ങളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com