വരള്‍ച്ച രൂക്ഷം; തമിഴ് ജനതയ്ക്ക് സൗജന്യമായി വെള്ളമെത്തിച്ച് രജനി ആരാധകര്‍

വെള്ളമില്ലാതെ അലയുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വെള്ളമെത്തിച്ചാണ് രജനി ആരാധക കൂട്ടായ്മയായ മക്കള്‍ മന്ത്രത്തിന്റെ സേവനം
വരള്‍ച്ച രൂക്ഷം; തമിഴ് ജനതയ്ക്ക് സൗജന്യമായി വെള്ളമെത്തിച്ച് രജനി ആരാധകര്‍

ചെന്നൈ:  വരള്‍ച്ച മൂലം ബുദ്ധിമുട്ടുന്ന തമിഴ് ജനതയ്ക്ക് ആശ്വാസമായി രജനികാന്ത് ആരാധകര്‍. വെള്ളമില്ലാതെ അലയുന്ന ജനങ്ങള്‍ക്ക് സൗജന്യമായി വെള്ളമെത്തിച്ചാണ്  ആരാധക കൂട്ടായ്മയായ രജനി മക്കള്‍ മന്ത്രത്തിന്റെ സേവനം. കോടാമ്പാക്കം ഏരിയയിലുള്ള ആയിരക്കണക്കിനാളുകള്‍ക്കാണ് ആരാധകര്‍ ഇന്ന് വെള്ളമെത്തിച്ച് നല്‍കിയത്. 

കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാണിക്കുന്ന വീഴ്ചയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവരുടെ പക്ഷം. നേരത്തെ തന്നെ രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശം വ്യക്തമാക്കിയിരുന്നു. കുടിവെള്ളപ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തകരുടെ ഇടപെടല്‍ സഹയാകമാകുമെന്നാണ് രജനി ആരാധകരുടെ കണക്കുകൂട്ടല്‍.

വരള്‍ച്ച രൂക്ഷമായതോടെ  തമിഴ്‌നാട്ടില്‍ മന്ത്രിമാരുടെ മേല്‍നോട്ടത്തില്‍ യാഗവും പ്രാര്‍ത്ഥനയും തുടരുകയാണ്.കൂടുതല്‍ ഇടങ്ങളില്‍ മഴ പെയ്യുന്നതിനാണ് യാഗം നടത്തുന്നത്. പേരൂരില്‍ ജലവിഭവത്തിന്റെ ചുമതലയുള്ള  മന്ത്രി എസ് പി വേലുമണി യാഗത്തില്‍ പങ്കെടുക്കുന്നുണ്ട്. കോയമ്പത്തൂരിലും അണ്ണാഡിഎംകെ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനായജ്ഞം നടത്തുന്നുണ്ട്. 

അതേസമയം ജലക്ഷാമം കാരണം അടച്ച ചെന്നൈയിലെ സ്വകാര്യ സ്‌കൂളുകള്‍ ഉടന്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍ മാനേജ്‌മെന്റുകള്‍ക്ക് നോട്ടീസ് നല്‍കി. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വെള്ളം സര്‍ക്കാര്‍ എത്തിച്ച് നല്‍കുമെന്നും അറിയിച്ചു. ക്ലാസ് തുടങ്ങാത്ത സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com