ക്ഷേത്രത്തില്‍ അപ്രതീക്ഷിത അതിഥിയായി മുതല, പുണ്യമാണെന്ന് വിശ്വാസികള്‍, ആരാധന; ഒരു ദിവസം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ കുളത്തിലേക്ക് ( ചിത്രങ്ങള്‍) 

ഞായറാഴ്ചയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മുതല പ്രത്യക്ഷപ്പെട്ടത്
ക്ഷേത്രത്തില്‍ അപ്രതീക്ഷിത അതിഥിയായി മുതല, പുണ്യമാണെന്ന് വിശ്വാസികള്‍, ആരാധന; ഒരു ദിവസം നീണ്ട ശ്രമകരമായ ദൗത്യത്തിന് ഒടുവില്‍ കുളത്തിലേക്ക് ( ചിത്രങ്ങള്‍) 

അഹമ്മദാബാദ്:  ക്ഷേത്രത്തില്‍ അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കുറിച്ചുളള വിശേഷങ്ങളാണ് ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയില്‍ എവിടെയും. ജില്ലയിലെ പ്രമുഖ ക്ഷേത്രമായ ഖോഡിയറില്‍ മുതലയാണ് അപ്രതീക്ഷിത അതിഥിയായി എത്തിയത്. ഇത് ഒരു പുണ്യമാണെന്നാണ് വിശ്വാസികള്‍ പറയുന്നത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ഖോഡിയാര്‍ ദേവിയുടെ വാഹനമാണ് മുതല എന്നാണ് വിശ്വാസം.

ഞായറാഴ്ചയാണ് ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ മുതല പ്രത്യക്ഷപ്പെട്ടത്. ഇതറിഞ്ഞ് വിശ്വാസികള്‍ ക്ഷേത്രത്തില്‍ തടിച്ചുകൂടി. വിവരമറിഞ്ഞ് ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തിയെങ്കിലും ഇതിനെ കൊണ്ടുപോകാന്‍ തുടക്കത്തില്‍ വിശ്വാസികള്‍ അനുവദിച്ചില്ല.

ദേവിയുടെ വാഹനമായ മുതലയുടെ ക്ഷേത്രത്തിലെ സാന്നിധ്യം പുണ്യമാണെന്ന് വിശ്വാസികള്‍ വാദിച്ചു. തുടര്‍ന്ന് നീണ്ട ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ഒടുവില്‍ തിങ്കളാഴ്ചയാണ് ഇതിനെ ഫോറസ്റ്റ് അധികൃതര്‍ കൊണ്ടുപോയത്.  ക്ഷേത്രത്തിന് സമീപമുളള കുളത്തിലേക്ക് ഇതിനെ തുറന്നുവിടുകയായിരുന്നു.

17 കിലോഗ്രാം തൂക്കമുളള മുതലയ്ക്ക് ആറടി നീളമുണ്ട്. ക്ഷേത്രത്തില്‍ മുതലയുണ്ടെന്ന് അറിഞ്ഞ് ഒഴുകിയെത്തിയ വിശ്വാസികള്‍, മുതലയെ ആരാധിക്കാനും മറ്റും തുടങ്ങിയിരുന്നു. തുടര്‍ന്ന് ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് ഇതിനെ ഇവിടെ നിന്ന് രക്ഷപ്പെടുത്തിയതെന്ന് ഫോറസ്റ്റ് അധികൃതര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com