'ഗഡ്ബന്ധന്‍ വെറും നാടകം, ഇനിയില്ല'; എല്ലാ തെരഞ്ഞെടുപ്പിലും ഒറ്റയ്ക്കു മത്സരിക്കുമെന്ന് മായാവതി

തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്പിയുടെ പെരുമാറ്റമാണ് ബിഎസ്പിയെ പുനരാലോചനയ്ക്കു പ്രേരിപ്പിച്ചത്
മായാവതിയും അഖിലേഷ് യാദവും - ഫയല്‍
മായാവതിയും അഖിലേഷ് യാദവും - ഫയല്‍

ലക്‌നൗ: ഇനിയുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും ബിഎസ്പി തനിച്ചു മത്സരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷ മായാവതി. എസ്പിയുമായുള്ള കൂട്ടുകെട്ട് അവസാനിച്ചതായും മായാവതി വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള കൂടിയാലോചനയ്ക്കു ശേഷമാണ്, ഒറ്റയ്ക്കു മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനം.

കഴിഞ്ഞ കാലത്ത് നടന്നതെല്ലാം മറന്നാണ് ബിഎസ്പി സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയതെന്ന് മായാവതി ട്വീറ്റ് ചെയ്തു. ബിഎസ്പി വിരുദ്ധവും ദലിത് വിരുദ്ധവുമായ ഒരുപാടു കാര്യങ്ങള്‍ എസ്പി ചെയ്തിട്ടുണ്ട്. അവരുടെ ഭരണകാലത്ത് ദലിതുകളുടെ പ്രമോഷന്‍ തടയുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തു. അതെല്ലാം മറന്ന് രാജ്യത്തിന്റെ താത്പര്യങ്ങള്‍ പരഗിണിച്ചാണ് സഖ്യമുണ്ടാക്കിയത്. ഗഡ്ബന്ധന്‍ ഒരു നാടകമായിരുന്നെന്ന് മായാവതി അഭിപ്രായപ്പെട്ടു. 

തെരഞ്ഞെടുപ്പിനു ശേഷമുള്ള എസ്പിയുടെ പെരുമാറ്റമാണ് ബിഎസ്പിയെ പുനരാലോചനയ്ക്കു പ്രേരിപ്പിച്ചത്. അവരുമായി ചേര്‍ന്ന് ഒരിക്കലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല- മായാവതി ചൂണ്ടിക്കാട്ടി.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് ബിഎസ്പി എസ്പിയും ആര്‍എല്‍ഡിയുമായി ചേര്‍ന്ന് മഹാ ഗഡ്ബന്ധന്‍ രൂപീകരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ സഖ്യത്തിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. ബിഎസ്പിക്ക് പത്തു സീറ്റാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയിക്കാനായത്. എസ്പി അഞ്ചിടത്തു ജയിച്ചപ്പോള്‍ ആര്‍എല്‍ഡിക്കു സീറ്റൊന്നും കിട്ടിയില്ല.

യുപിയിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തനിച്ചു മത്സരിക്കുമെന്ന് മായാവതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എസ്പിയുമായി സഖ്യം തുടരുമെന്നും തല്‍ക്കാലത്തേക്ക് തനിച്ചു മത്സരിക്കുന്നു എന്നുമായിരുന്നു ബിഎസ്പി അധ്യക്ഷ അറിയിച്ചിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com