അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കി; ചരിത്ര നേതാക്കളെ മറന്നു; ലക്ഷ്യം ഇന്ത്യയെ ലോകശക്തിയാക്കല്‍:  നരേന്ദ്രമോദി

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കിയെന്നും ആ കളങ്കം മായ്ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ല
അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് രാജ്യത്തെ തടവറയാക്കി; ചരിത്ര നേതാക്കളെ മറന്നു; ലക്ഷ്യം ഇന്ത്യയെ ലോകശക്തിയാക്കല്‍:  നരേന്ദ്രമോദി


ന്യൂഡല്‍ഹി: ശക്തവും സുരക്ഷിതവുമായി ഇന്ത്യയ്ക്കായി മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞടുപ്പില്‍ പ്രതിഫലിച്ചത് ജനങ്ങളുടെ പ്രതീക്ഷയാണ്.  ഇന്ത്യയെ ലോക ശക്തിയാക്കി മാറ്റുമെന്നും നരേന്ദ്രമോദി പറഞ്ഞു. പാര്‍ലമെന്റില്‍ നന്ദി പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

ഇത് പാവപ്പെട്ടവരുടെ സര്‍ക്കാരാണ്. ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുകയാണ് പ്രധാനം. പ്രധാനലക്ഷ്യങ്ങളില്‍ നിന്ന് ഒരിക്കലും വ്യതി ചലിക്കില്ല. അടിസ്ഥാന ആവശ്യങ്ങള്‍ക്കായി ജനങ്ങള്‍ പോരാടേണ്ട സാഹചര്യം ഉണ്ടാകരുതെന്നും മോദി പറഞ്ഞു

ജാതിക്കും സമുദായത്തിനുമപ്പുറുത്തേക്ക് ജനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരണം. സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കാനാണ് മുത്തലാഖ് ബില്‍ കൊണ്ടുവന്നതെന്നും മോദി പറഞ്ഞു. കര്‍ഷകര്‍ക്കായി സര്‍ക്കാര്‍ സുപ്രധാന തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. കാര്‍ഷിക രംഗത്ത് ഘടനാപരമായി മാറ്റങ്ങള്‍ വേണമെന്നും മോദി പറഞ്ഞു.

ജലക്ഷാമം പരിഹരിക്കാന്‍ ഗൗരവമായി ഇടപെടല്‍ വേണം. ഇതിന്റെ ഭാഗമായി എല്ലാ എംപിമാരും ജലസംരക്ഷണപദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മോദി പറഞ്ഞു. 

കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ വിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്. കോണ്‍ഗ്രസ് ചരിത്ര നേതാക്കളെ മറന്ന പാര്‍ട്ടിയാണ്. നരസിംഹറാവു, മന്‍മോഹന്‍സിംഗ് എന്നീ പ്രധാനമന്ത്രിമാരെ കോണ്‍ഗ്രസ് വിസ്മരിച്ചു. പ്രണബ് കുമാര്‍ മുഖര്‍ജിയ്ക്ക് ഭാരതരത്‌നം നല്‍കിയത് ബിജെപി സര്‍ക്കാരാണ്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാജ്യത്തെ തടവറയാക്കിയെന്നും ആ കളങ്കം മായ്ക്കാന്‍ കോണ്‍ഗ്രസിന് ഒരിക്കലും കഴിയില്ലെന്ന് മോദി പറഞ്ഞു. നെഹ്രു-ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ ഒരിക്കലും കോണ്‍ഗ്രസ് പരിഗണിച്ചില്ല.  ഗാന്ധി എന്ന വാക്കില്‍ ചുറ്റിയാണ് കോണ്‍ഗ്രസ് നിലനില്‍ക്കുന്നതെന്നും മോദി പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com